ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ പെട്രോളിയം 30 ശതമാനം ചെലവ് ചുരുക്കുമെന്ന് ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റുമായ സഅദ് ശരിദ അല്‍ കഅബി. മൂലധനചെലവിലും പ്രവര്‍ത്തന ചെലവിലും ജൂണ്‍ മാസത്തോടെ 30 ശതമാനം കുറവ് വരുത്തുമെന്ന് യുഎസ്-ഖത്തര്‍ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ അദ്ദേഹം പറഞ്ഞു. അധികമുള്ള ജീവനക്കാരെ ഒഴിവാക്കുന്നതും വേതനം കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയേക്കുമെന്നാണ് സൂചന.
ലോകമാകെ നടപ്പിലുള്ള ലോക്ക്ഡൗണ്‍ കാരണം മിക്കരാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തെ നേരിടുകയാണ്. എണ്ണയുടെ ഡിമാന്‍ഡ് കുത്തനെ ഇടിയാന്‍ ലോക്ക്ഡൗണ്‍ കാരണമായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഏറ്റവും ചെറിയ രീതിയില്‍ ബാധിക്കുന്ന രാജ്യമായിരിക്കും ഖത്തറെന്ന് അദ്ദേഹം വിശദീകരിച്ചു. ഏറ്റവും ചെലവ് ചുരുങ്ങിയ രീതിയിലാണ് ഖത്തറിലെ ഉല്‍പ്പാദന രീതി. അതുകൊണ്ട് തന്നെ വിപണിയിലെ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ ഖത്തറിനാവും. ഖത്തറിലെ സാമ്പത്തിക സുസ്ഥിരതയും പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Qatar petroleum to reduce capital and operating expenses by 30%: Minister