Wednesday, August 4, 2021
Home Gulf Qatar തിരിച്ചുവരുന്നതിന് ഖത്തര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കി തുടങ്ങി; വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള ശ്രമവുമായി...

തിരിച്ചുവരുന്നതിന് ഖത്തര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കി തുടങ്ങി; വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള ശ്രമവുമായി സംഘടനകള്‍

ദോഹ: കോവിഡ് ലോക്ക്ഡൗണില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്കു തിരിച്ചുവരുന്നതിന് അനുമതി ലഭിച്ചുതുടങ്ങി. ഖത്തര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലാണ് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രവാസികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുടുംബാംഗങ്ങള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ അനുമതി ലഭിച്ചിട്ടുള്ളത്.

ഖത്തര്‍ ഐഡിയുള്ളവര്‍ക്ക് തിരിച്ചുവരുന്നതിന് വേണ്ടി അപേക്ഷിക്കേണ്ടത് കമ്പനികളോ തൊഴിലുടമയോ ആണ്. നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുടുംബാംഗങ്ങള്‍ക്കു വേണ്ടി വ്യക്തിപരമായും അപേക്ഷിക്കാം. അപേക്ഷിക്കുന്നവരുടെ രാജ്യത്തെ കോവിഡ് വ്യാപന തോത്, ഖത്തറിലെ സര്‍ക്കാര്‍ മേഖലയില്‍ അപേക്ഷകരുടെ ആവശ്യകത തുടങ്ങിയവ പരിഗണിച്ചാണ് മുന്‍ഗണന നല്‍കുക എന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്ന് ഈ മാസം 31വരെ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് വിവിധ പ്രവാസി സംഘടനകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഖത്തര്‍ ഇന്‍കാസ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഖത്തര്‍ പോര്‍ട്ടലില്‍ വഴി അനുമതി ലഭിച്ചവര്‍ക്കു മാത്രമാണ് മടങ്ങാനാവുക. ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരുടെ മൂന്നാം സംഘമെത്തി
അതേ സമയം, കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ മൂന്നാമത്തെ സംഘം ഇന്നു രാവിലെ ദോഹയിലെത്തി. കൊച്ചിയില്‍ നിന്നും 178 യാത്രക്കാരുമായി എത്തിയ വിമാനം ഇന്ന് രാവിലെ 9.10 നാണ് ദോഹയില്‍ ഇറങ്ങിയത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും വിവിധ സ്വകാര്യ ആശുപത്രികളിലെയും ആരോഗ്യപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വന്ദേ ഭാരത് മിഷന്‍ വഴിയാണ് ഇവരെ ദോഹയില്‍ തിരിച്ചെത്തിച്ചത്. കേരളത്തില്‍ നിന്നു കോവിഡ് പരിശോധന നടത്താതെ എത്തിയ ഇവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് സ്രവപരിശോധന നടത്തി. ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് അടുത്ത സംഘം തിരുവനന്തപുരത്തു നിന്നു ദോഹയിലെത്തും. കഴിഞ്ഞ മാസം 22നും 23നും ആണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ സംഘങ്ങള്‍ ഖത്തറില്‍ മടങ്ങിയെത്തിയത്.


 

Most Popular