Thursday, July 29, 2021
Home Gulf Qatar പ്രവാസി കോഓഡിനേഷന്‍ കമ്മിറ്റി ഖത്തറില്‍ നിന്നു സൗജന്യമായി നാട്ടിലെത്തിച്ചത് 220 പേരെ

പ്രവാസി കോഓഡിനേഷന്‍ കമ്മിറ്റി ഖത്തറില്‍ നിന്നു സൗജന്യമായി നാട്ടിലെത്തിച്ചത് 220 പേരെ

ദോഹ: കോവിഡ് മഹാമാരിയില്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസികള്‍ക്കായി പ്രവാസി കോഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയത് മാതൃകാസേവനം. 220പേരെയാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി നാട്ടിലെത്തിച്ചത്. ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന അര്‍ഹരായവരെ നാട്ടിലെത്തിക്കാനായി പൂര്‍ണമായും സൗജന്യമായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കിയിരുന്നു. ഇതിന് പുറമേ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഇതുവരെ അമ്പതോളം പേരെ സൗജന്യമായി എത്തിക്കുകയും ചെയ്തു.

കമ്മിറ്റി ഒരുക്കിയ സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ 176 പേരാണ് ആദ്യഘട്ടത്തില്‍ നാടണഞ്ഞത്. ഐസിബിഎഫുമായിസഹകരിച്ച് ഒരുക്കിയ ഗോ എയര്‍ വിമാനം കൊച്ചിയിലേക്കാണു പറന്നത്. ഇന്‍കാസ്, സംസ്‌കൃതി, കാക് ഖത്തര്‍, കള്‍ച്ചറല്‍ ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി, ഖത്തര്‍ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം, സിജി ഖത്തര്‍, ഫോക്കസ് ഖത്തര്‍, ചാലിയാര്‍ ദോഹ, ടീം തിരൂര്‍ എന്നീ സംഘടനകളും കോസ്റ്റല്‍ ട്രേഡിംഗ്, ഗള്‍ഫാര്‍ അല്‍ മിസ്‌നദ്, ട്രേ ട്രേഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളുമാണ് സംരംഭവുമായി സഹകരിച്ചത്. ചാര്‍ട്ടേര്‍ഡ് വിമാനത്തിന് പുറമേയാണ് വിവിധ ദിവസങ്ങളിലായി കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കായി അമ്പതോളം പേരെയും സൗജന്യമായി എത്തിച്ചത്. കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്കും സൗജന്യടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി ഏറ്റവും അര്‍ഹരായവരെയാണ് യാത്രക്ക് പരിഗണിച്ചത്. ചെയര്‍മാന്‍ അഡ്വ. നിസ്സാര്‍ കൊച്ചേരിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Most Popular