Friday, June 18, 2021
Home Gulf Qatar കോവിഡ് വ്യാപനം: ഖത്തര്‍ വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്; വിശദാംശങ്ങള്‍ ഇങ്ങനെ

കോവിഡ് വ്യാപനം: ഖത്തര്‍ വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്; വിശദാംശങ്ങള്‍ ഇങ്ങനെ

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ നേരത്തേ എടുത്തു കളഞ്ഞ പല നിയന്ത്രണങ്ങളും പുനസ്ഥാപിച്ചു. പ്രധാന മന്ത്രിയ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. ഇതു പ്രകാരം താഴെ പറയുന്ന തീരുമാനങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരും.

  1. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും 80 ശതമാനത്തിലേറെ ജീവനക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യരുത്. 20 ശതമാനം പേര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യും.

2 എല്ലാ ഓഫീസുകളിലും മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 15 കവിയാന്‍ പാടില്ല. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് മീറ്റിംഗുകള്‍ ആസൂത്രണം ചെയ്യേണ്ടത്.

  1. എന്താവശ്യത്തിനും വീട്ടില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കണം. ഒറ്റയ്ക്ക് വാഹനമോടിക്കുന്നവര്‍ക്ക് മാത്രമേ ഇളവുള്ളൂ.
  2. സ്മാര്‍ട്ട്‌ഫോണുകളിലെ ഇഹ്തിറാസ് അപ്ലിക്കേഷന്‍ നിര്‍ബന്ധിതമായി തുടരും.
  3. പള്ളികളിലെ നിത്യേനയുള്ള നമസ്‌കാരവും വെള്ളിയാഴ്ച പ്രാര്‍ഥനയും തുടരും. അതേസമയം ടോയ്‌ലറ്റുകളും അംഗശൂചീകരണ സൗകര്യങ്ങളും അടച്ചിരിക്കും.
  4. സന്ദര്‍ശനങ്ങളിലും അനുശോചന യോഗങ്ങളിലും മറ്റ് ഒത്തുചേരലുകളിലും അഞ്ചില്‍ കൂടുതല്‍ ആളുകളെ അടച്ച സ്ഥലങ്ങളിലും 15 ല്‍ കൂടുതല്‍ ആളുകളെ തുറന്ന സ്ഥലങ്ങളിലും അനുവദിക്കില്ല.
  5. വിന്റര്‍ ക്യാമ്പുകളില്‍ 15 ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
  6. വീട്ടിലോ മജ്‌ലിസിലോ നടക്കുന്ന വിവാഹങ്ങള്‍ ഒഴികെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതും തുറന്നതുമായ സ്ഥലങ്ങളില്‍ വിവാഹങ്ങള്‍ അനുവദനീയമല്ല. അടച്ചിട്ട സ്ഥലങ്ങളില്‍ 10 ല്‍ കൂടാത്ത ആളുകളുടെ സാന്നിധ്യത്തിലും തുറന്ന സ്ഥലങ്ങളില്‍ 20 പേരുടെ സാന്നിധ്യത്തിലും വിവാഹ ചടങ്ങിന്റെ തീയതിക്കും സ്ഥലത്തിനും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഇണകളുടെ ബന്ധുക്കള്‍ മാത്രം പങ്കെടുത്ത് നടത്താം.
  7. പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങളും കായിക സൗകര്യങ്ങളും അടയ്ക്കും. ഒത്തുചേരലുകള്‍ പരമാവധി 15 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
  8. കുടുംബങ്ങള്‍ ഒഴികെ വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെ പാടുള്ളൂ.

11 ബസ്സുകളില്‍ കയറ്റുന്നവരുടെ എണ്ണം ശേഷിയുടെ പകുതിയാകും.

12 30% കവിയാത്ത ശേഷിയോടെ മെട്രോ സേവനങ്ങള്‍ തുടരും

13 ഡ്രൈവിംഗ് സ്‌കൂളുകളുടെ ശേഷി പരമാവധി 25% ആയി കുറയ്ക്കുക.

14 സിനിമാശാലകളുടെയും തീയറ്ററുകളുടെയും പ്രവര്‍ത്തനം 30 ശതമാനം ശേഷിയില്‍ തുടരും. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

15 വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെയും ശേഷി 30% ആയി കുറയ്ക്കും.

16 നഴ്സറികളുടെയും ശിശു സംരക്ഷണത്തിന്റെയും ശേഷി 30% ആയി കുറയ്ക്കും.

17 പൊതു മ്യൂസിയങ്ങളുടെയും ലൈബ്രറികളുടെയും ശേഷി 50% ആയി കുറയ്ക്കും.

18 പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍ക്കായി നിയുക്തമാക്കിയ കേന്ദ്രങ്ങളില്‍ മാത്രം വ്യക്തിഗത വിദ്യാഭ്യാസ സെഷനുകള്‍ നടത്താന്‍ അനുവദിക്കും.

19 പ്രൊഫഷണല്‍ സ്പോര്‍ട്സ് ടീമുകള്‍ക്കുള്ള പരിശീലനം ഓപ്പണ്‍ സ്പേസുകളില്‍ പരമാവധി 40 ആളുകള്‍ക്കും അടച്ച സ്ഥലങ്ങളില്‍ പരമാവധി 20 പേര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാണികള്‍ പാടില്ല.

20 പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടണം. അതേസമയം അടച്ച സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ സാന്നിധ്യം നിരോധിക്കുകയും തുറസ്സായ സ്ഥലങ്ങളില്‍ അവരുടെ സാന്നിധ്യം പരമാവധി 20 ശതമാനംവരെ അനുവദിക്കുകയും ചെയ്യും.

21 എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, വിവിധ പരിപാടികള്‍ എന്നിവ നടത്താന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടണം.

22 50 ശതമാനത്തില്‍ കവിയാത്ത ശേഷിയില്‍ വാണിജ്യ സമുച്ചയങ്ങളുടെ പ്രവര്‍ത്തനം തുടരും. വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ എല്ലാ സാധാരണ റെസ്റ്റോറന്റുകളിലും ഡൈനിങ് അവസാനിപ്പിക്കും. പുറത്ത് ഡെലിവറി നല്‍കാനോ പാര്‍സല്‍ വാങ്ങി പോകാനോ അനുവദിക്കും.

23 റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പരമാവധി 15 % ശേഷിയില്‍ അകത്ത് ഭക്ഷണപാനീയങ്ങള്‍ നല്‍കാന്‍ അനുവദിക്കും. ക്ലീന്‍ ഖത്തര്‍ പ്രോഗ്രാം ഉള്ള റെസ്റ്റോറന്റുകള്‍ക്ക് ശേഷിയുടെ 30 സതമാനം വരെ അനുവദനിക്കും. എല്ലാ റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും അവരുടെ ഓപണ്‍ സ്പേസില്‍ ഭക്ഷണവും പാനീയങ്ങളും നല്‍കാം. എന്നാല്‍ ഔട്ട്‌ഡോര്‍ ഉപഭോക്തൃ ശേഷി 50 ശതമാനത്തില്‍ കവിയരുത്.

24 വാടക ബോട്ടുകള്‍, ടൂറിസ്റ്റ് യാര്‍ഡുകള്‍, ഉല്ലാസ ബോട്ടുകള്‍ എന്നിവയുടെ സേവനം നിര്‍ത്തും. വ്യക്തിഗത ബോട്ടുകളുടെയും യാര്‍ഡുകളുടെയും ഉടമകള്‍, അവ ഉപയോഗിക്കുമ്പോള്‍ പരമാവധി 15 പേരേ പാടുള്ളൂ.

25 ജനപ്രിയ വിപണികളുടെ ശേഷി 50 ശതമാനം ആയി കുറയ്ക്കുന്നു.

26 മൊത്ത വിപണികളുടെ ശേഷി 30% ആയി കുറച്ചു.

27 ഹെയര്‍ഡ്രെസിംഗ്, ബ്യൂട്ടി സലൂണുകളുടെ ശേഷി 30% ആയി കുറച്ചു.

28 അടച്ച സ്ഥലങ്ങള്‍ക്കുള്ളിലെ വാണിജ്യ സമുച്ചയങ്ങളിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും എല്ലാ വിനോദ കേന്ദ്രങ്ങളും അടയ്ക്കും. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

29 പരമാവധി 30 ശേഷിയില്‍ ഹെല്‍ത്ത് ക്ലബ്ബുകളുടെയും ശാരീരിക പരിശീലന ക്ലബ്ബുകളുടെയും പ്രവര്‍ത്തനം തുടരാം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പരമാവധി ശേഷിയില്‍ മസാജ് സേവനങ്ങള്‍ തുടരാം. സോന, സ്റ്റീം റൂമുകള്‍, ജാക്കുസി സേവനങ്ങളും മൊറോക്കന്‍, ടര്‍ക്കിഷ് കുളികളും അനുവദിക്കില്ല.

30 എല്ലാ നീന്തല്‍ക്കുളങ്ങളും അടയ്ക്കും.

കോവിഡിനെ പ്രതിരോധിക്കുവാനും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുവാനും എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വിവാഹവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഞായറാഴ്ച്ച മുതലാണ് നിലവില്‍ വരിക.

Most Popular