Thursday, July 29, 2021
Home Gulf Qatar ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നുവെന്ന ആരോപണം നിഷേധിച്ച് സര്‍ക്കാര്‍

ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നുവെന്ന ആരോപണം നിഷേധിച്ച് സര്‍ക്കാര്‍

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ വലിയ തോതില്‍ കൊറോണ വൈറസ് പടരുന്നുവെന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ആരോപണം ഖത്തര്‍ സര്‍ക്കാര്‍ തള്ളി.

ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നും മരണം സംഭവിച്ചെന്നുമാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ എച്ച്ആര്‍ഡബ്ള്യു റിപോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍, സെന്‍ട്രല്‍ ജയിലില്‍ 12 കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചതെന്നും ഒരാളും മരച്ചിട്ടില്ലെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ജയിലിനകത്ത് തന്നെ ഒരുക്കിയിട്ടുള്ള ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ചികില്‍സാ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റിയിരുന്നു. ഇതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ജയിലിനു പുറത്തുള്ള ആശുപത്രിയിലേക്കു മാറ്റി. രോഗം ഭേദമായ ഇവരെ സെന്‍ട്രല്‍ ജയിലേക്ക് തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്.

സ്ഥിരീകരിക്കാത്ത ചില ചില അഭിമുഖങ്ങളില്‍ നിന്നുള്ള അഭ്യൂഹങ്ങളും നുണകളും അടിസ്ഥാനമാക്കിയുള്ളതാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ടെന്ന് ഖത്തര്‍ ആരോപിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്ന ഖത്തര്‍ ആരോഗ്യമേഖലയെ താറടിച്ചുകാണിക്കാനാണുള്ള ശ്രമമാണ് നടക്കുന്നത്.

തടവുകാരെ സംരക്ഷിക്കുന്നതിനും വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുമായി മാര്‍ച്ച് പകുതി മുതല്‍ പൊതുജനാരോഗ്യ സുരക്ഷാ അധികൃതര്‍ ജയിലില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. തടവുകാര്‍ പതിവായി ആരോഗ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളായ കയ്യുറകള്‍, മാസ്‌കുകള്‍ എന്നിവ എല്ലാ തടവുകാര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ തടവുകാര്‍ ഇടപെടുന്ന എല്ലാ ഇടങ്ങളും പതിവായി ശുചീകരിക്കാറുണ്ട്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഏപ്രിലില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 500 ലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശ സമിതിയില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ളവര്‍ക്ക് പരിശോധനയ്ക്കായി ഖത്തര്‍ ജയിലുകള്‍ പതിവായി തുറന്നുനല്‍കാറുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

2019 ജനുവരിയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള പ്രതിനിധി ഖത്തര്‍ സന്ദര്‍ശിക്കുകയും ജയില്‍ സൗകര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ജയിലുകളില്‍ തടവിലാക്കപ്പെട്ട എല്ലാവരെയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഖത്തര്‍ ബഹുമാനിക്കുന്നുണ്ടെന്നും വീഴ്ചകളും പോരായ്മകളും സംഭവിക്കാത്ത രീതിയിലാണ് ജയില്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി.

Qatar rejects HRW allegations of COVID19 outbreak in Central Prison: GCO


 

Most Popular