Tuesday, May 18, 2021
Home Newsfeed ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഖത്തര്‍

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഖത്തര്‍

ദോഹ: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഖത്തറിലെ ആരോഗ്യ വിദഗ്ധര്‍. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സുരക്ഷിതമാണ്.

എന്നാല്‍ വിട്ടുമാറാത്ത രോഗങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഹെല്‍ത്തി വുമണ്‍ ലീഡിങ്ങ് ടു ഹെല്‍ത്തി പ്രെഗ്നന്‍സി ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജി മേധാവി ഡോ.നജാത് അല്‍ ഖൈനിയാബ് വ്യക്തമാക്കി. ഗര്‍ഭിണികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ഫൈസര്‍-ബയോടെക് വാക്‌സിന്റെ ക്ലിനിക്കല്‍ ഇതര പഠനങ്ങളിലെ തെളിവുകള്‍ ലോകാരോഗ്യ സംഘടനയും അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ റെഗുലേറ്ററി അതോറിറ്റികള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികളിലെ വാക്‌സിന്‍ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ പങ്കുവെച്ചിട്ടില്ലെന്ന് ഡോ. നജാത് കൂട്ടിച്ചേര്‍ത്തു. അതേസമയം വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടാന്‍ ഡോ.നജാത് നിര്‍ദേശിച്ചു.

നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന മൊഡേണ, ഫൈസര്‍-ബയോടെക് വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സുരക്ഷിതമല്ലെന്നുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം കോവിഡ് പോസിറ്റീവായ അമ്മമാരില്‍ ജനിച്ച ഭൂരിഭാഗം കുഞ്ഞുങ്ങളും കോവിഡ് നെഗറ്റീവാണ്. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറയുമെന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധിക്കുന്നത് അപകടകരമാണ്. അതേസമയം കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മികച്ച ശുശ്രൂഷയാണ് നല്‍കുന്നത്.

Most Popular