Thursday, August 5, 2021
Home Gulf Qatar ഖത്തറിലെ ജനപ്രിയ ഭക്ഷണ ശാലയായ ടാക്‌സി ഹോട്ടല്‍ ഉടമ സൂപ്പി ഹാജി നാട്ടില്‍ നിര്യാതനായി

ഖത്തറിലെ ജനപ്രിയ ഭക്ഷണ ശാലയായ ടാക്‌സി ഹോട്ടല്‍ ഉടമ സൂപ്പി ഹാജി നാട്ടില്‍ നിര്യാതനായി

ദോഹ: ദോഹയിലെ ജനപ്രിയ റസ്റ്റോറന്റുകളില്‍ ഒന്നായ ടാക്‌സി ഹോട്ടല്‍ (അല്‍ സലാഹിയ റെസ്റ്റോറന്റ്) ഉടമ കോഴിക്കോട് ജില്ലയിലെ പാറക്കടവ് ഉമ്മത്തൂര്‍ സ്വദേശി വെളുത്ത പറമ്പത്ത് സൂപ്പി ഹാജി(70) നാട്ടില്‍ നിര്യാതനായി. ഇന്നു പുലര്‍ച്ചെ 4 മണിയോടെ വീട്ടിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളം ലെയ്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു.

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂപ്പി ഹാജിയുടെ പിതാവ് അബ്ദുല്ല തുടങ്ങിയ സലാഹിയ റസ്റ്റോറന്റ് അദ്ദേഹത്തിന്റെ മരണ ശേഷം സൂപ്പി ഹാജിയും സഹോദരന്‍ ഖാദറും ചേര്‍ന്നാണ് നടത്തിയിരുന്നത്. ദോഹയിലെ ഹോളിഡേ വില്ലയ്ക്ക് സമീപം മുംതസ പാര്‍ക്കിന് അഭിമുഖമായുള്ള റസ്റ്റോറന്റ് ടാക്‌സി ഡ്രൈവര്‍മാരുടെ പ്രിയപ്പെട്ട ഇടമായി മാറി. രാത്രി ഏറെ വൈകിയും ഹോട്ടലിനു മുന്നില്‍ ടാക്‌സികളുടെ നീണ്ട നിര തന്നെ കാണുമായിരുന്നു. ഇതേ തുടര്‍ന്നാണ് സലാഹിയ റസ്റ്റോറന്റ് ടാക്‌സി ഹോട്ടല്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഇവിടെ നി്ന്ന് ലഭിക്കുന്ന ചിക്കന്‍ ഫ്രൈയുടെ രുചി തേടി വിദൂരപ്രദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്താറുണ്ട്. സൂപ്പി ഹാജിയുടെ സൗമ്യമായ പെരുമാറ്റവും സൗകര്യപ്രദമായി വാഹനം പാര്‍ക്ക് ചെയ്ത് കുറഞ്ഞ നിരക്കില്‍ ഭക്ഷണം കഴിക്കാമെന്നതും ടാക്‌സി ഹോട്ടലിനെ സാധാരണക്കാരന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റാക്കി മാറ്റി.

ഫാത്തിമയാണ് ഭാര്യ.മക്കള്‍ :ജലീല്‍,ഹാരിസ്,ജസീന,സുമയ്യ. മൃതദേഹം ഇന്ന് രാവിലെ പാറക്കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

Most Popular