Sunday, June 20, 2021
Home News International ഗസാ നിവാസികള്‍ക്ക് ഇരുട്ടില്‍ നിന്ന് മോചനം; ഖത്തറിന്റെ ഗ്യാസ് വൈദ്യുത പദ്ധതി ഒരുങ്ങുന്നു

ഗസാ നിവാസികള്‍ക്ക് ഇരുട്ടില്‍ നിന്ന് മോചനം; ഖത്തറിന്റെ ഗ്യാസ് വൈദ്യുത പദ്ധതി ഒരുങ്ങുന്നു

ദോഹ: ദിവസത്തിന്റെ പകുതിയിലധികം സമയം വൈദ്യുതി ഇല്ലാതെ ദുരിതത്തില്‍ കഴിയേണ്ടി വരുന്ന ഗസാ നിവാസികള്‍ക്ക് ഖത്തറിന്റെ ആശ്വാസ പദ്ധതി. ഗസയിലേക്കുള്ള വൈദ്യുതി വിതരണം ഊര്‍ജിതപ്പെടുത്തുന്ന പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ഫലസ്തീനിലെ ഖത്തര്‍ പ്രതിനിധി മുഹമ്മദ് അല്‍ ഇമാദി അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഗസയിലെ വൈദ്യുതി ഉല്‍പ്പാദനം 400 മെഗാവാട്ട് ആവും. നിലവില്‍ ഇതിന്റെ പകുതി മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഒന്ന് ഗസയിലും മറ്റൊന്ന് ഇസ്രായേല്‍ അധിനിവിഷ്ട പ്രദേശത്തുമാണ്. ഇതുമായി ബന്ധപ്പെട്ട രണ്ടു കരാറുകളും ഒപ്പുവച്ചു. ഒന്ന് ഫലസ്തീന്‍ അതോറിറ്റിയും ദെലക് കമ്പനിയും തമ്മില്‍ വാതകം വാങ്ങുന്നതിനുള്ളതും മറ്റൊന്ന് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ളതുമാണ്. ഗസാ അതിര്‍ത്തിയില്‍ നിന്ന് പവര്‍ പ്ലാന്റിലേക്ക് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് യൂറോപ്യന്‍ യൂനിയനും 5 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്.

ഗസയില്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കണമെങ്കില്‍ 600 മെഗാവാട്ട് വൈദ്യുതി വേണം. എന്നാല്‍, നിലവില്‍ ഇവിടെ 180 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. ഇതില്‍ 120 മെഗാവാട്ട് ഇസ്രായേലില്‍ നിന്നുള്ള വൈദ്യുതി ലൈനുകള്‍ വഴിയും 60 ഗസയിലെ പവര്‍ പ്ലാന്റ് വഴിയുമാണ്. എട്ടു മണിക്കൂര്‍ ഇടവേളകളുള്ള റൊട്ടേഷന്‍ ആയാണ് ഇപ്പോള്‍ ഗസാ നിവാസികള്‍ക്ക് വൈദ്യുതി കിട്ടുന്നത്. ചിലപ്പോള്‍ 12 മണിക്കൂര്‍ വരെ കൊടുംചൂടില്‍ കഴിയേണ്ടി വരുന്ന അവസ്ഥയാണ്.

പവര്‍ പ്ലാന്റിലേക്കുള്ള ഇന്ധനം പലപ്പോഴും ഇസ്രായേല്‍ തടഞ്ഞുവയ്ക്കാറുണ്ട്. ഇത് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയെ പ്രതിസന്ധിയിലാക്കിയിരുന്നു. കോവിഡ് ദുരിതത്തിനൊപ്പം വൈദ്യുതി പ്രതിസന്ധിയും ആശുപത്രിയില്‍ കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.

Most Popular