Sunday, July 25, 2021
Home Gulf Qatar സപ്തംബര്‍ 15ന് ശേഷം ഖത്തര്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയേക്കും

സപ്തംബര്‍ 15ന് ശേഷം ഖത്തര്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയേക്കും

ദോഹ: ഖത്തറിലേക്കു വരുന്ന പ്രവാസികള്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ സപ്തംബര്‍ 15ന് ശേഷം മാറ്റം വരുത്തിയേക്കും. ഔദ്യോഗിക മാര്‍ഗനിര്‍ദേശ പ്രകാരം സപ്തംബര്‍ 15 വരെ മാത്രമേ നിലവില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ലഭ്യമാവൂ എന്ന് ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ പറയുന്നു. സപ്തംബര്‍ 15ന് ശേഷമുള്ള കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഔദ്യോഗിക വിശദീകരണം കാത്തു നില്‍ക്കുകയാണെന്നും വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു.

സപ്തംബറില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും യാത്രാ തിയ്യതിയോട് അടുപ്പിച്ച് ഹോട്ടല്‍ ബുക്ക് ചെയ്താല്‍ മതിയെന്നും നേരത്തേ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് തല്‍ക്കാലം ബുക്കിങ് നിര്‍ത്തിയതെന്നാണ് സൂചന.

നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തറിലെത്തിയാല്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ചുരുങ്ങിയത് 3000 റിയാലിന് മുകളിലാണ് ചെലവ്. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം സപ്തംബര്‍ 14 വരെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 5300 റിയാല്‍ മുകളിലോട്ടാണ് ഇതിന് നല്‍കേണ്ടത്.

ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, കോവിഡ് വ്യാപനം കുറഞ്ഞ ഏതാനും രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുകയോ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധന ഒഴിവാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Most Popular