Friday, June 25, 2021
Home Newsfeed ഖത്തറില്‍ പുതിയ നാല് കടവുകളും ഏഴ് ബസ് സ്റ്റാന്റുകളും വരുന്നു

ഖത്തറില്‍ പുതിയ നാല് കടവുകളും ഏഴ് ബസ് സ്റ്റാന്റുകളും വരുന്നു

ദോഹ: ഖത്തറില്‍ പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വന്‍ വികസന പദ്ധതികള്‍ വരുന്നു. ഇതിന്റെ ഭാഗമായി പാര്‍ക്കിങ് സൗകര്യത്തോട് കൂടിയ നാല് കടവുകള്‍ നിര്‍മിക്കും. ലുസൈല്‍, ദോഹ തുറമുഖം, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, പേള്‍ എന്നിവിടങ്ങളിലാണ് ഇവ ഒരുങ്ങുന്നത്.

നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നതിന് പദ്ധതി സമര്‍പ്പിച്ചു കഴിഞ്ഞതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ക്ലീന്‍ എനര്‍ജിയിലേക്കു പൊതുഗതാഗത സംവിധാനം മാറുന്നതിന്റെ ഭാഗമായി പാര്‍ക്ക് ആന്റ് റൈഡ്, ബസ് ടെര്‍മിനലുകള്‍, കടവുകള്‍, ബസ് ഡിപ്പോകള്‍ എന്നിവയാണ് ഒരുങ്ങുന്നത്.

2022 ലോക കപ്പിന് മുന്നോടിയായി പൊതുഗതാഗത രംഗം ഏറ്റവും കാര്യക്ഷമമാക്കി പരസ്പരം ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ലക്ഷ്യമിടുന്നു.

പാര്‍ക്ക് ആന്റ് റൈഡ് ആണ് പദ്ധതിയുടെ ആദ്യ ഘട്ടം. അല്‍ ഖസ്സര്‍, അല്‍ വക്‌റ പാര്‍ക്ക് ആന്റ് റൈഡുകള്‍ 2020 ജനുവരിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ലുസൈലിലും എജുക്കേഷന്‍ സിറ്റിയിലും ഉടന്‍ തുറക്കും.

ഏഴ് ബസ് ടെര്‍മിനലുകളാണ് പദ്ധതിയില്‍ ഒരുങ്ങുന്നത്. ഇത് രണ്ടും മൂന്നും ഘട്ടങ്ങളിലാണ് പൂര്‍ത്തീകരിക്കുക. ലുസൈല്‍, അല്‍ വക്‌റ, അല്‍ സുദാന്‍, എജുക്കേഷന്‍ സിറ്റി, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ ടെര്‍മിനലുകളുടെ പണി 68 ശതമാനം പൂര്‍ത്തിയായി. ഈ വര്‍ഷം മൂന്നാം പാദത്തോടെ പണി പൂര്‍ത്തീകരിക്കും. മുശൈരിബിലെയും ഗറാഫയിലെയും ടെര്‍മിനലുകള്‍ 31 ശതമാനമായി. 2022 ആദ്യ പാദത്തില്‍ പൂര്‍ണമാക്കാനാണ് ലക്ഷ്യമിടുന്നത്.

നാലാം ഘട്ടത്തിലാണ് കടവുകള്‍ നിര്‍മിക്കുക. വാട്ടര്‍ ടാക്‌സികള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യത്തോട് കൂടിയായിരിക്കും ഇവ നിര്‍മിക്കുക. വെസ്റ്റ്‌ബേയില്‍ ബസ് ടെര്‍മിനലിനും പദ്ധതിയുണ്ട്.

അഞ്ച് ബസ് ഡിപ്പോകളുടെ നിര്‍മാണമാണ് അഞ്ചാം ഘട്ടം. ലുസൈല്‍, അല്‍ റയ്യാന്‍, അല്‍ വക്‌റ, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് ബസ് ഡിപ്പോകള്‍ വരിക. ബസ് പാര്‍ക്കിങ് സ്ഥലം, ഇ-ബസ് ചാര്‍ജിങ് സൗകര്യം, ബസ് കെയര്‍ സെന്റര്‍, വിനോദ-താമസ സൗകര്യം, മസ്ജിദ്, കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി വരിക. ലുസൈല്‍ ബസ് ഡിപ്പോ പൂര്‍ണമായും സൗരോര്‍ജത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും.
Qatar to have 4 ferry terminals with parking spaces
ALSO WATCH

Most Popular