Sunday, August 1, 2021
Home Newsfeed ഈയാഴ്ച്ചയോടെ ഖത്തറിലെ 72 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കും; ലോക കപ്പിനെത്തുന്നവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ പദ്ധതി

ഈയാഴ്ച്ചയോടെ ഖത്തറിലെ 72 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കും; ലോക കപ്പിനെത്തുന്നവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ പദ്ധതി

ദോഹ: ഖത്തറിലെ 72 ശതമാനം പേര്‍ക്കും ഈയാഴ്ച്ചയോടെ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി. ഖത്തറിലെ പ്രമുഖ പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കാര്യക്ഷമമായ രണ്ട് വാക്‌സിനുകളാണ് ഖത്തറില്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൈസര്‍-ബയോണ്‍ടെക്, മോഡേണ എന്നിവ നിരവധി പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ചതെന്ന് തെളിയിക്കപ്പെട്ടതാണ്. മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ഈ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് പ്രസ്തുത വാക്‌സിനുകള്‍ ഖത്തറില്‍ എത്തിക്കുന്നതിന് മുന്‍ഗണന ലഭിച്ചത്.

പൂര്‍ണമായും ലോക്ക്ഡൗണ്‍ ചെയ്യുക എന്ന ആശയത്തോട് ഖത്തറിന് ആദ്യംമുതല്‍ തന്നെ യോജിപ്പുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ പോലും അവ കാര്യക്ഷമമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഖത്തറിലെ പ്രധാന പദ്ധതികളെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ലോക കപ്പ് പദ്ധതികള്‍ നിശ്ചയിക്കപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനായി. കലാശക്കളി നടക്കുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ പണി 90 ശതമാനം പൂര്‍ത്തിയായി.

പൂര്‍ണമായും വാക്‌സിനെടുത്തവരെ മാത്രമായിരിക്കും ലോക കപ്പില്‍ കാണികളായി അനുവദിക്കുക. ആ സമയം ആവുമ്പോഴേക്കും ഭൂരിഭാഗം രാജ്യങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ടാവുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോക കപ്പിന് വേണ്ടി ഖത്തറിലേക്കു വരുന്ന വാക്‌സിനെടുക്കാത്ത ആളുകള്‍ക്ക് വേണ്ടി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിയും ഖത്തര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ഒരു കമ്പനിയുമായി ചര്‍ച്ച നടത്തിവരികയാണ്. അതിന് വേണ്ടി 10 ലക്ഷം ഡോസ് വാക്‌സിന്‍ ഒരുക്കാനാണ് പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO WATCH

Most Popular