Saturday, May 15, 2021
Home Gulf Qatar ഖത്തറിലെ നാലാമത്തെ ലോക കപ്പ് സ്റ്റേഡിയം ദേശീയദിനത്തില്‍ ഉദ്ഘാടനം ചെയ്യും

ഖത്തറിലെ നാലാമത്തെ ലോക കപ്പ് സ്റ്റേഡിയം ദേശീയദിനത്തില്‍ ഉദ്ഘാടനം ചെയ്യും

ദോഹ: അല്‍ റയ്യാന്‍ സ്‌റ്റേഡിയം ഖത്തര്‍ ദേശീയ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ നാലാമത് ലോക കപ്പ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18ന് അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിയാണ് ആദ്യത്തെ പന്തുരുളുക.

അല്‍ അറബിയും അല്‍ സദ്ദും തമ്മിലുള്ള ഫൈനല്‍ മല്‍സരം ഡിസംബര്‍ 18ന് പുതിയ അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

പുതുക്കിപ്പണിത ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് ശേഷം ഖത്തറില്‍ ഉദ്ഘാടനം ചെയ്യുന്ന നാലാമത്തെ ലോക കപ്പ് സ്റ്റേഡിയമാണിത്. 40,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 2022 ലോക കപ്പിലെ റൗണ്ട് ഓഫ് 16 സ്റ്റേജ് മല്‍സരങ്ങള്‍ വരെയുള്ളവയാണ് നടക്കുക.

രാജ്യത്തിന്റെ വിവിധ വശങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രൂപഘടനയാണ് റയ്യാന്‍ സ്റ്റേഡിയത്തിന്റെ പ്രധാന സവിശേഷത. കുടുംബത്തിന്റെ പ്രാധാന്യം, മരുഭൂമിയുടെ ഭംഗി, ഖത്തറിലെ സസ്യ-ജന്തു ജാലങ്ങള്‍, പ്രാദേശിക-അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്ന മുഖങ്ങളാണ് സ്റ്റേഡിയത്തിനുള്ളത്.

ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിലുള്ള അല്‍ റിഫ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് നടന്നെത്താം.

ക്രിക്കറ്റ് പിച്ചുകള്‍, ഫുട്‌ബോള്‍ പിച്ചുകള്‍, കുട്ടികളുടെ കളിസ്ഥലം, ഔട്ട്‌ഡോര്‍ ജിം, അക്വാട്ടിക് സെന്റര്‍, ടെന്നീസ് കോര്‍ട്ട്, സ്‌കേറ്റ് പാര്‍ക്ക്, അത്‌ലെറ്റിക്‌സ് പാര്‍ക്ക് തുടങ്ങിയ കായിക സൗകര്യങ്ങളും പാര്‍ക്ക്, കഫേ തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തിന്റെ ഭാഗമായുണ്ട്.
Qatar to unveil fourth FIFA World Cup 2022 stadium on National Day


 

Most Popular