Saturday, July 24, 2021
Home Newsfeed ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍; ഡ്രൈവ് ത്രൂ, ക്യുഎന്‍സിസി സെന്ററുകള്‍ അടക്കും

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രം തുറന്ന് ഖത്തര്‍; ഡ്രൈവ് ത്രൂ, ക്യുഎന്‍സിസി സെന്ററുകള്‍ അടക്കും

ദോഹ: ബിസിനസ്, വ്യാവസായിക മേഖലയിലെ ജീവനക്കാര്‍ക്കു വേണ്ടിയുള്ള കൂറ്റന്‍ വാക്‌സിനേഷന്‍ കേന്ദ്രം ഖത്തറില്‍ തുറന്നു. പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ചൊവ്വാഴ്ച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കേന്ദ്രമായിരിക്കും ഇതെന്നാണ് കരുതുന്നത്.

പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ചാരിറ്റി എന്നിവ സഹകരിച്ചാണ് പുതിയ വാക്‌സിനേഷന്‍ കേന്ദ്രം ഒരുക്കിയത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, കൊണോകോഫിലിപ്‌സ് ഖത്തര്‍ എന്നിവയുടെ സഹകരണവുമുണ്ട്.

ബിസിനസ്, വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ് പുതിയ വാക്‌സിനേഷന്‍ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ലക്ഷം ചതുരശ്രമീറ്ററില്‍ ഒരുക്കിയിരിക്കുന്ന ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററില്‍ 300ലേറെ വാക്‌സിനേഷന്‍ സ്റ്റേഷനുകളും 700 ജീവനക്കാരുമുണ്ടാവും. ദിവസവും 25,000 ലേറെ ഡോസ് വാക്‌സിനുകള്‍ ഇവിടെ നിന്ന് നല്‍കാനാവും. മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികള്‍ ഖത്തറില്‍ ഇതിനകം വാക്‌സിനെടുത്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വഴി തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി വാക്‌സിന്‍ ബുക്ക് ചെയ്യാവുന്നതാണ്.
qatar vaccination center1

പുതിയ കേന്ദ്രം തുറക്കുന്നതോടെ ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ കേന്ദ്രവും രണ്ട് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടക്കും. ലുസൈലിലെ ഡ്രൈവ് ത്രൂ സെന്റര്‍ ജൂണ്‍ 23നും വക്‌റയിലേത് 30നും സേവനം അവസാനിപ്പിക്കും. ക്യുഎന്‍സിസി സെന്റര്‍ ഈ മാസം 29ന് ആണ് അടക്കുക.

പുതിയ സെന്ററില്‍ 25,000 ഡോസും 27 ഹെല്‍ത്ത് സെന്ററുകളില്‍ 15,000 ഡോസും ചേര്‍ത്ത് ദിവസം 40,000 ഡോസ് വാക്‌സിന്‍ നല്‍കാന്‍ ഖത്തറിന് സാധിക്കുമെന്ന് പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക് അറിയിച്ചു.
ALSO WATCH

Most Popular