ഖത്തറില്‍ പുതിയ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ തുറന്നു;അവശ്യമേഖലയിലെ ജീവനക്കാര്‍ക്ക് മുന്‍ഗണന

qatar new covid vaccination center

ദോഹ: ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരോഗ്യ മന്ത്രാലയം പുതിയ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ തുറന്നു. അധ്യാപകര്‍ക്കും മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഇവിടെ വാക്‌സിന്‍ ലഭിക്കുക. രാജ്യത്തെ പല സ്‌കൂളുകളിലും കോവിഡ് റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.

പുതിയ കേന്ദ്രത്തില്‍ ദിവസം 8000 പേര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. നേരത്തേ ഏഴ് ഹെല്‍ത്ത് സെന്ററുകളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയിരുന്നു. സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ അധ്യാപകരെ തുല്യരീതിയില്‍ പരിഗണിച്ച് കൊണ്ടാണ് കുത്തിവയ്പ്പ് നല്‍കുകയെന്നും ജീവനക്കാരെ ടെക്സ്റ്റ് മെസേജിലൂടെ വിവരമറിയിക്കുമെന്നും അല്‍ ഖാല്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ ജീവനക്കാര്‍ കഴിഞ്ഞാല്‍ മറ്റ് അവശ്യ മേഖലയിലെ ജീവനക്കാര്‍ക്കും ഇതേ കേന്ദ്രത്തില്‍ വാക്‌സിന്‍ ലഭിക്കും.