
ജനങ്ങള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം: യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി
ന്യൂയോര്‍ക്ക്: ജനങ്ങള്‍ക്ക് വിദ്വേഷവും വ്യാജ വാര്‍ത്തകളും നല്കി അവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നരെ ഒറ്റപ്പെടുത്തണമെന്ന് യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ഷെയ്ഖ് ആലിയ ബിന്ത് അഹമ്മദ് സൈഫ്. മിഡില്‍ ഈസ്റ്റിലെ ചില ആഭ്യന്തര സംഘര്‍ഷങ്ങള്‍ നീട്ടികൊണ്ടുപോവുന്നത് ചില വന്‍ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമാണെന്നും ശൈഖ ആലിയ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ യു.എന്നിന്റെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഖത്തര്‍ വംശങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും വിദ്വേഷം പ്രചരിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ തിരിയുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് അധാര്‍മികമാണെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഉപരോധത്തില്‍ ഒരിക്കല്‍ പോലും നിലപാടില്‍ മാറ്റമുണ്ടാവാത്ത രാഷ്ട്രമാണ് ഖത്തര്‍. ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് എല്ലാ തരത്തിലും അനുകൂല നിലപാട് സ്വീകരിക്കുകയും തങ്ങളുടെ സ്വാഭിമാനത്തെ ബാധിക്കാത്ത ചര്‍ച്ചകള്‍ക്ക് അവസരമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഖത്തര്‍ നേതൃത്വം വരും കാല രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ പുസ്തകമാണെന്ന് അവര്‍ പറഞ്ഞു.