ദോഹ: ഖത്തറില്‍ സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതിനായി യമനിയെ കൊലപ്പെടുത്തിയ കേസില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളുടെ വിധി നടപ്പാക്കുന്നത് വൈകിയേക്കും. കേസിലെ ഒന്നുമതല്‍ നാലുവരെ പ്രതികളായ അശ്ഫീര് കണ്ണോത്ത്, അനീസ് അമീരി, റഷീദ് കുനിയില്‍, ശമ്മാസ് തോട്ടത്തയില് എന്നിവര്‍ക്കാണ് ഒക്ടോബര്‍ 28 ന് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ചൊവ്വാഴ്ച്ചയാ ണ് വിധിയുടെ പകര്‍പ്പ് ലഭിച്ചത്.
രണ്ടും മൂന്നും നാലും പ്രതികളുടെ അഭാവത്തിലാണ് വിധിയെന്നതിനാല്‍ അവര്‍ക്ക് വിധിയുടെ പകര്‍പ്പ് എത്തിച്ച ശേഷം ഇതേ കോടതിയില്‍ തന്നെ വീണ്ടും വാദംകേള്‍ക്കുന്നതിന് അവസരമുണ്ടാകും. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്പോകുവാനും അവസരമുണ്ടാകുമെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു. അത് പൂര്‍ത്തിയായ ശേഷം മാത്രമേ വിധി നടപ്പാവുകയുള്ളു.
കൊലചെയ്യപ്പെട്ട യമനി സ്വലാഹ് ഖാസിം അബ്ദുല്‍ റബ്ബിന്റെ കുട്ടിക്ക് അഞ്ച് വയസ്സ് മാത്രമാണ് പ്രായം. കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ വിധി നടപ്പാക്കുന്നത് താമസിപ്പിക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ട്. വധശിക്ഷ നടപ്പാകുന്നത് വൈകാന്‍ ഇതും കാരണമാവുമെന്നാണ് അറിയുന്നത്. ഇസ്ലാമിക നിയമ പ്രകാരം അനന്തരാവകാശികള്‍ക്ക് പ്രതികള്‍ക്ക് മാപ്പുകൊടുക്കുവാന്‍ അവസരമുള്ളതിനാലാണ് ഇതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ഇന്ത്യ, ഖത്തര്‍, യമന്‍ സംയുക്ത സംരംഭമായ ജ്വല്ലറി മാനുഫാക്ചറിംഗ് കമ്പനിയിലെ സെയില്‍സ് മാനേജറായിരുന്നു കൊലചെയ്യപ്പെട്ട സ്വലാഹ് ഖാസിം അബ്ദുല്‍ റബ്ബ്. കമ്പനിയിലെ എക്കൗണ്ടന്റായി ജോലി ചെയ്തു വന്ന അശ്ബീര് കണ്ണോത്തും മൂന്നുകൂട്ടുകാരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. 2019 ലെ റമദാന് 27 നായിരുന്നു സംഭവം. കയ്യും കാലും ബന്ധിച്ച് മൂക്കിലും വായിലുമൊക്കെ മാസ്കിംഗ് ടേപ് ഒട്ടിച്ച് അതിക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്.
രണ്ടും മൂന്നും നാലും പ്രതികള്‍ കൊലചെയ്ത അന്നും അടുത്ത ദിവസവുമായി നാട്ടിലേക്ക് കടന്നു. പണം നാട്ടിലേക്കയക്കാനാണ് പലരേയും കൂട്ടിയത്. മറ്റു പല സ്ഥലങ്ങളിലും സ്വര്‍ണവും പണവും ഒളിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. നാട്ടിലേക്കയക്കാത്ത പണവും സ്വര്‍ണവുമൊക്കെ പോലീസ് കണ്ടെടുക്കുകയും ബന്ധപ്പെട്ടവരെയൊക്കെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോറോണ കാരണമാണ് വിധി പ്രസ്താവിക്കാന്‍ കാലതാമസം വന്നത്.
ജഅ്ഫര്‍ കണ്ണോത്ത്, ഫയാസ് കണ്ടാതിനാത്ത്, ഫാഫ്ദല് കെ. എന്നിവര്‍ക്ക് 5 വര്‍ഷം തടവും നാടുകടത്തലുമാണ് കോടതി വിധിച്ചത്.
മുഹമ്മദ് യൂനുസ് പള്ളിപ്പത്ത്, വയ്ഇ നാലക്കണ്ടി , അബ്ദുല്‍ റസാഖ് മല്ലാത്ത്, മുരളി, വാസുകുമാര്, കുഞ്ഞിമുഹമ്മദ് എന്നിവര്‍ക്ക് 6 മാസം തടവും 3000 റിയാല്‍ പിഴയും നാടുകടത്തലും വിധിച്ചു. കളവ് മുതല്‍ സൂക്ഷിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. എന്നാല്‍ വിവരം യഥാസമയം പോലീസിനെ അറിയിച്ചില്ല എന്ന കുറ്റത്തില്‍ നിന്നും മുഹമ്മദ് യൂനുസ് പള്ളിപ്പത്ത്, വയ്ഇ നാലക്കണ്ടി , അബ്ദുല്‍ റസാഖ് മല്ലാത്ത് എന്നിവരെ ഒഴിവാക്കി.
ഹരീസ് കോട്ടണ്ടിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം റിയാല്‍ പിഴയും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്.