Thursday, September 16, 2021
Home Newsfeed വാട്‌സ് ആപ്പ് ഹാക്കിങ് വീരന്മാര്‍ വലവിരിക്കുന്നു; മുന്നറിയിപ്പുമായി ഖത്തര്‍ സിആര്‍എ

വാട്‌സ് ആപ്പ് ഹാക്കിങ് വീരന്മാര്‍ വലവിരിക്കുന്നു; മുന്നറിയിപ്പുമായി ഖത്തര്‍ സിആര്‍എ

ദോഹ: നിങ്ങളുടെ വാട്‌സ് ആപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ വലവിരിച്ചു കാത്തിരിക്കുന്നതായി ഖത്തര്‍ കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. പുതിയ വാട്‌സ് ആപ്പ് അക്കൗണ്ട് സെറ്റ് ചെയ്യുമ്പോള്‍ കൊടുക്കേണ്ട വണ്‍ ടൈം വെരിഫിക്കേഷന്‍ കോഡ് കൈക്കലാക്കിയാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തുന്നതെന്ന് സിആര്‍എ വ്യക്തമാക്കി.

എങ്ങിനെയാണ് വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് അക്കൗണ്ട് നിയന്ത്രണത്തിലാക്കുന്നതെന്നും സിആര്‍എ വിശദീകരിച്ചു. വാട്‌സ് ആപ്പ് പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ആറക്ക വെരിഫിക്കേഷന്‍ കോഡ് നിങ്ങളുടെ മൊബൈലിലേക്ക് വരുന്നു. എന്തെങ്കിലും തന്ത്രത്തിലൂടെ നിങ്ങളെ വിശ്വസിപ്പിച്ച് ഈ കോഡ് കൈക്കലാക്കുകയാണ് അടുത്ത പടി.

അതിന് വേണ്ടി ബാങ്കിന്റെയോ സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ വാട്‌സ് ആപ്പ് അതോറ്റിയുടെയോ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന നിങ്ങളെ വിളിക്കും. അത് അല്ലെങ്കില്‍ തന്റെ വാട്‌സ് ആപ്പ് കോഡ് തെറ്റായി നിങ്ങളുടേതില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ഈ കോഡ് കിട്ടുന്നതോട് കൂടി നിങ്ങളുടെ അക്കൗണ്ട് പൂര്‍ണമായും ഹാക്കറുടെ നിയന്ത്രണത്തിലാവും. ഈ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരുമായി ബന്ധപ്പെട്ട് പല തട്ടിപ്പുകളും നടത്തുകയാണ് പിന്നീട് ചെയ്യുന്നത്.

വാട്‌സ് ആപ്പിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ സംവിധാനം എനേബിള്‍ ചെയ്യാനും വെരിഫിക്കേഷന്‍ കോഡ് ആര്‍ക്കും നല്‍കാതിരിക്കാനും ശ്രദ്ധിക്കണമെന്നു സിആര്‍എ അറിയിച്ചു.
ALSO WATCH

 

Most Popular