ദോഹ: കോണ്‍ക്രീറ്റും കെട്ടിടങ്ങളും ത്രിഡി പ്രിന്റിങ് ചെയ്യാനുള്ള ഖത്തറിലെ ആദ്യ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി. ഖത്തര്‍ ഫൗണ്ടേഷന്റെ പാര്‍ട്ണര്‍ യൂനിവേഴ്സിറ്റിയായ ടെക്സസ് എആന്റ്എംലെ ഗവേഷകരാണ് ഇക്കാര്യം അറിയിച്ചത്. 2020ലാണ് ടെക്സസ് എആന്റ്എം, അല്‍ജാബര്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ്(ജെടിസി) കമ്പനിയുമായി ചേര്‍ന്ന് കെട്ടിടങ്ങള്‍ ത്രിഡി പ്രിന്റ് ചെയ്യുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ആരംഭിച്ചത്. രാജ്യത്തിന്റെ പരിസ്ഥിതിക്കനുസരിച്ച് കോണ്‍ക്രീറ്റ് ത്രിഡി പ്രിന്റ് ചെയ്തെടുക്കുകയായിരുന്നു ലക്ഷ്യം.
വമ്പന്‍ പദ്ധതികളില്‍ സങ്കീര്‍ണ രൂപങ്ങള്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ചെടുക്കാന്‍ ത്രിഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും. തങ്ങളുടെ ത്രിഡി പ്രിന്ററില്‍ ഏത് രൂപവും മിനിറ്റുകള്‍ക്കുള്ളില്‍ പ്രിന്റ് ചെയ്യാനാവുമെന്ന് ജെടിസി ജനറല്‍ മാനേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് അല്‍ ഹമദായ പറഞ്ഞു. പരമ്പരാഗത കോണ്‍ക്രീറ്റ് നിര്‍മാണ രീതിയിലേത് പോലെ മോള്‍ഡുകള്‍ ഒന്നും ഇല്ലാതെ തന്നെ ഏത് രൂപവും നിര്മിച്ചെടുക്കാം. ആര്‍ക്കിടെക്ട് തന്റെ ഭാവനക്കനുസരിച്ചുള്ള ത്രിമാന രൂപം കംപ്യൂട്ടറില്‍ വരച്ചെടുക്കുന്നു. ഇത് യന്ത്രത്തിലെ സോഫ്റ്റ്വെയറിലേക്കു ഫീഡ് ചെയ്ത് കൊടുത്താല്‍ പ്രത്യേക കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഉപയോഗിച്ച് റോബോട്ട് നിമിഷങ്ങള്‍ക്കകം ഇത് പ്രിന്റ് ചെയ്തു തരും.
ജിയോപോളിമറുകളും ചൂടിനെ നന്നായി പ്രതിരോധിക്കാന്‍ കഴിയുന്ന കോണ്‍ക്രീറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ത്രിഡി പ്രിന്റിങ് നടത്തുന്നത്. സങ്കീര്‍ണമായ രൂപങ്ങള്‍ വളരെ വേഗത്തില്‍ നിര്മിക്കാമെന്നതിനു പുറമേ തൊഴിലാളികളുടെ സാന്നിധ്യവും കുറവ് മതി. പരമ്പരാഗത രീതിയെ അപേക്ഷിച്ച് മാലിന്യം കുറവായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത.
Qatar’s first concrete 3D printing facility now operational
ALSO WATCH