Tuesday, July 27, 2021
Home Newsfeed എംബസി ഖത്തറിലെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു; കാരണം തേടി പ്രവാസികള്‍

എംബസി ഖത്തറിലെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു; കാരണം തേടി പ്രവാസികള്‍

ദോഹ: ഖത്തറിലെ മുഴുവന്‍ ഇന്ത്യക്കാരും എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി ഖത്തര്‍ ഇന്ത്യന്‍ എംബസി. ഇതിനായി പ്രത്യേക ലിങ്കും നല്‍കിയിട്ടുണ്ട്. പേര്, ജനന തിയ്യതി, ലിംഗം, ബന്ധപ്പെടാനുള്ള നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവ ഫോമില്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. ജോലി, ഖത്തറിലെ വിലാസം, നാട്ടിലെ വിലാസം എന്നിവയും ചേര്‍ക്കാനുള്ള കോളങ്ങള്‍ ഉണ്ടെങ്കിലും അവ നിര്‍ബന്ധമല്ല.

അതേ സമയം, ഈ വിവരശേഖരണം എന്തിനാണെന്നുള്ള അന്വേഷണത്തിലാണ് പ്രവാസികളായ ഇന്ത്യക്കാര്‍. ഇത് സംബന്ധിച്ച എംബസിയുടെ ട്വീറ്റില്‍ മുഴുവന്‍ ഇന്ത്യക്കാരും രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു എന്ന് മാത്രമാണുള്ളത്. ഇത് എന്തിന് വേണ്ടിയാണെന്ന് പലരും ഈ ട്വീറ്റിന്റെ കമന്റില്‍ അന്വേഷിച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

കോവിഡിന്റെ തുടക്ക കാലത്ത് നാട്ടിലേക്ക് പോകുന്നവരുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി ഇതുപോലുള്ള ലിങ്കിലൂടെ ശേഖരിച്ചിരുന്നു. എന്നാല്‍, പുതിയ ലിങ്കില്‍ ഖത്തറിലുള്ള മുഴുവന്‍ ഇന്ത്യക്കാരും വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന പുതിയ പ്രവാസി കുടിയേറ്റ ബില്ലില്‍ മുഴുവന്‍ പ്രവാസികളുടെയും വിവര ശേഖരണം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ മുഴുവന്‍ പ്രവാസികളുടെയും വിവരം ശേഖരിക്കുന്നതിന് പ്രവാസി റിഷ്ത എന്ന പേരില്‍ വിദേശകാര്യമന്ത്രാലയം ഈയിടെ വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു.

അതേസമയം, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണത്തിന് മറുപടിയായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. വിവരങ്ങള്‍ നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.
ALSO WATCH

 

Most Popular