Wednesday, June 23, 2021
Home Gulf Qatar കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ വിസാ സെന്ററുകള്‍ തുറക്കുന്നു; കമ്പനികള്‍ക്ക് ആശ്വാസം

കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ വിസാ സെന്ററുകള്‍ തുറക്കുന്നു; കമ്പനികള്‍ക്ക് ആശ്വാസം

ദോഹ: ഇന്ത്യക്കു പിന്നാലെ കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്ററുകള്‍ വീണ്ടും തുറക്കുന്നു. കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച നേപ്പാള്‍ തലസ്ഥാനത്തെ കാഠ്മണ്ഡുവില്‍ ഖത്തര്‍ വിസാ സെന്റര്‍ നാളെ തുറക്കും. പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഡിസംബര്‍ 14നും ഫലിപ്പീന്‍സിലെ മനിലയില്‍ 15നും സെന്ററുകള്‍ പുനരാരംഭിക്കും.

ഖത്തറില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഉള്ള രാജ്യങ്ങളില്‍ വിസാ സെന്ററുകള്‍ പുനരാരംഭിച്ചത് പ്രാദേശിക വ്യാപാരികള്‍ സ്വാഗതം ചെയ്തു. കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ഈ തീരുമാനമെന്ന് പെനിന്‍സുല പത്രം റിപോര്‍ട്ട് ചെയ്തു.

വിദേശങ്ങളില്‍ നിന്ന് പുതിയ ജോലിക്കാരെ എടുക്കുന്നതിനു വേണട്ി ക്യുവിസികള്‍ തുറക്കുന്നതിന് കാത്തിരിക്കുകയായിരുന്നു തങ്ങളെന്ന് ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു. പുതുതായി തുറന്ന സ്റ്റോറുകളിലേക്കും വരും മാസങ്ങളില്‍ തുറക്കാനിരിക്കുന്നവയിലേക്കും നിരവധി ജീവനക്കാരെ ആവശ്യമുണ്ട്. ആദ്യ ബാച്ചായി കൊച്ചിയിലെ ക്യുവിസിയില്‍ നിന്ന് നൂറിലേറെ വിസകള്‍ ഇഷ്യു ചെയ്യുന്ന നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യുവിസികള്‍ തുറക്കാനുള്ള ഖത്തറിന്റെ തീരുമാനത്തെ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍ കൗണ്‍സില്‍(ഐബിപിസി) പ്രസിഡന്റ് അസിം അബ്ബാസ് സ്വാഗതം ചെയ്തു. കോവിഡിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ രാജ്യം വിട്ടുപോയ സാഹചര്യത്തില്‍ നിരവധി കമ്പനികളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് വരും മുമ്പ് തന്നെ വൈദ്യപരിശോധന പൂര്‍ത്തിയാക്കാനും വിരലടയാളം ഉള്‍പ്പെടെയ ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനും ക്യുവിസികള്‍ വഴി സാധിക്കും. റിക്രൂട്ട് ചെയ്യപ്പെടുന്ന ജോലി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കാനും നാട്ടില്‍ നിന്ന് തന്നെ തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നതിനും ക്യുവിസി സെന്ററുകള്‍ പ്രയോജനപ്പെടുന്നു.

ശ്രീലങ്ക, ഇന്തോനേഷ്യ, നേപ്പാള്‍, തുണീഷ്യ, പാകിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ എട്ട് രാജ്യങ്ങളില്‍ 20 സര്‍വീസ് സെന്ററുകളാണുള്ളത്.
Reopening of visa centres to boost businesses

Most Popular