Wednesday, May 12, 2021
Home Gulf Qatar സംവരണം സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍: യൂത്ത് ഫോറം

സംവരണം സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍: യൂത്ത് ഫോറം

ദോഹ:ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരെ ഉയര്‍ത്തി കൊണ്ട് വരാനാണ് സംവരണം എന്ന് യൂത്ത് ഫോറം സംവാദം.റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ഫോറം ദോഹ സോണിന്റെ നേതൃത്വത്തില്‍ ‘സംവരണം; സാമൂഹിക നീതി, ഭരണഘടന’ എന്ന പ്രമേയത്തിലാണ് സംവാദം സംഘടിപ്പിച്ചത്.ന്യൂനപക്ഷ വിഭാഗങ്ങള്‍ അനര്‍ഹമായത് പലതും നേടുന്നു എന്ന മട്ടില്‍ തെളിവുകളുടെ പിന്‍ബലമില്ലാതെ നടക്കുന്ന പ്രചരണങ്ങള്‍ സംവരണ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ലക്ഷ്യം വച്ച് കൊണ്ടുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും അധികാര പങ്കാളിത്തം ഉറപ്പ് വരുത്തലാണ് ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തിന്റെ ലക്ഷ്യം.സംവരണം എല്ലാ കാലത്തേക്കും തുടരേണ്ട ഒന്നല്ല.ഓരോ നിശ്ചിത കാലയളവിലും വിവിധ സംവരണ വിഭാഗങ്ങളുടെ ഉദ്യോഗ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കണമെന്നും പരിധിയെത്തിയവരെ സംവരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമുള്ള ദേശീയ പിന്നാക്കവര്‍ഗ കമ്മീഷന്റെ നിര്‍ദേശം നടപ്പിലാക്കണം. ചില സമുദായങ്ങള്‍ അര്‍ഹമായതിലും കൂടുതല്‍ കൊണ്ട് പോകുന്നു എന്ന സംവരണ വിരുദ്ധരുടെ വാദത്തിന്റെ സത്യാവസ്ഥ ഇതുവഴി വ്യക്തമാകും.

സംവരണത്തെ സംബന്ധിച്ച ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പകരം ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുന്നവരാണ് ഇത്തരം പ്രചരണങ്ങളുടെ പിന്നിലെന്നും സംവാദത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അസ് ലം ഈരാറ്റുപേട്ട മോഡറേറ്റര്‍ ആയിരുന്നു. യൂത്ത് ഫോറം ഖത്തര്‍ ദോഹ സോണല്‍ പ്രസിഡന്റ് മുഹമ്മദ് അനീസ് സംവാദം ഉദ്ഘാടനം ചെയ്തു. അജ്മല്‍, സാമില്‍, ഫായിസ്, സിയാദലി, ഫഹദ്, ആരിഫ്, റസല്‍, നഫീദ് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

Most Popular