Tuesday, May 18, 2021
Home Ediotrs Pick പണമില്ലാത്തവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സൗജന്യമായി കഴിക്കാം; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ഖത്തറിലെ റസ്‌റ്റൊറന്റ്

പണമില്ലാത്തവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സൗജന്യമായി കഴിക്കാം; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ഖത്തറിലെ റസ്‌റ്റൊറന്റ്

ദോഹ: കോവിഡ് കാലത്ത് ഭക്ഷണം കഴിക്കാന്‍ കൈയില്‍ പണമില്ലെങ്കില്‍ പ്രയാസപ്പെടേണ്ട, ഖത്തറിലെ ഈ റസ്റ്റൊറന്റില്‍ പോയാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം വയറ് നിറയെ കഴിക്കാം. അതും സൗജന്യമായി.

ഉം സലാല്‍ മുഹമ്മദിലെ അബ്ദു കോഫത റസ്റ്റൊറന്റാണ് അപൂര്‍വ്വമായ ജീവകാരുണ്യ പ്രവര്‍ത്തിയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. പണമില്ലാത്തവര്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി ഭക്ഷണം വാങ്ങാം, പണം അല്ലാഹുവിന്റേതാണ് എന്ന വലിയ ബോര്‍ഡ് ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളില്‍ എഴുതി റസ്‌റ്റൊറന്റിന്റെ പുറത്ത് തൂക്കിയിട്ടിട്ടുണ്ട്.

റസ്റ്റൊറന്റ് ഉടമയെ പ്രകീര്‍ത്തിച്ചും പ്രാര്‍ഥനകള്‍ ചൊരിഞ്ഞും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. സഹായ വാഗ്ദാനവുമായും പലരും മുന്നോട്ട് വന്നു.

ജനങ്ങളുടെ പ്രതികരണത്തില്‍ വളരെ സന്തോഷവാനാണെന്ന് ഉടമ അബ്ദുല്‍ ഗഫാര്‍ പറഞ്ഞു. എന്നാല്‍, സഹായവാഗ്ദാനങ്ങള്‍ അദ്ദേഹം നിരസിച്ചു. തന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഇതെന്ന് ഗഫാര്‍ പറഞ്ഞു. ഈജിപ്തുകാരനായ ഗഫാര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് റസ്റ്റൊറന്റ് തുടങ്ങിയത്. അന്നു മുതല്‍ സൗജന്യ ഭക്ഷണ ബോര്‍ഡും വച്ചിരുന്നു.

ജീവിതാനുഭവങ്ങള്‍ പ്രചോദനം
വിശക്കുന്നവന്റെ പ്രയാസം നേരിട്ടനുഭവിച്ചവനാണ് താനെന്ന് അബ്ദുല്‍ ഗഫാര്‍ പറഞ്ഞു. ശുചീകരണ തൊഴിലാളി ആയാണ് തന്റെ തുടക്കം. ഭക്ഷണത്തിന് പ്രയാസപ്പെടുന്നവരും എന്നാല്‍ മറ്റുള്ളവരോട് ചോദിക്കാന്‍ മടിക്കുന്നവരുമായ നിരവധി പേരെ തനിക്കറിയാം. ഞാന്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണമല്ല ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. മെനുവില്‍ നിന്ന് ഇഷ്ടമുള്ളത് ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കൊണ്ടുപോവാം-ഗഫാര്‍ വിശദീകരിച്ചു.

ഇതിന് പുറമേ റമദാനില്‍ ഖത്തറില്‍ മുഴുവനായി ദിവസവും 3,500 പേര്‍ക്കുള്ള ഭക്ഷണം ഗഫാറിന്റെ റസ്റ്റൊറന്റില്‍ നിന്ന് സൗജന്യമായി നല്‍കുന്നുമുണ്ട്. ലാഭത്തിന്റെ ഒരു വിഹിതം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. സൗജന്യ ഭക്ഷണത്തിനായി ദിവസവും നിരവധി പേര്‍ എത്താറുണ്ടെന്നും എല്ലാവര്‍ക്കും സന്തോഷത്തോടെ ഭക്ഷണം നല്‍കുന്നതായും മാനേജര്‍ നാഫ യൂനുസ് പറഞ്ഞു.

മറ്റ് റസ്റ്റൊറന്റുകളും ഈ മാതൃക പിന്തുടരണമെന്ന് ഗഫാര്‍ കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ അഞ്ച് ബ്രാഞ്ചുകള്‍ കൂടി തുടങ്ങാന്‍ അബൂ കൊഫ്തയ്ക്ക് പദ്ധതിയുണ്ട്.
restaurant in Qatar goes viral with free food for needy
ALSO WATCH

Most Popular