Saturday, April 17, 2021
Home Gulf Qatar നാട്ടില്‍ നിന്ന് ഖത്തറിലേക്ക് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഒരു യാത്രക്കാരിയുടെ അനുഭവം

നാട്ടില്‍ നിന്ന് ഖത്തറിലേക്ക് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഒരു യാത്രക്കാരിയുടെ അനുഭവം

ദോഹ: ആഗസ്ത് 18ന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ പ്രവാസികള്‍ ഖത്തറിലേക്ക് മടങ്ങി എത്തിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് ടെസ്റ്റ്, ഹോട്ടല്‍ ക്വാറന്റീന്‍, ഹോം ക്വാറന്റീന്‍, ഇഹ്തിറാസ് ആപ്പ് തുടങ്ങിയ നൂലാമാലകള്‍ ഉള്ളതിനാല്‍ എന്തൊക്കെയാണ് യാത്രയില്‍ നേരിടേണ്ടി വരിക എന്ന കാര്യത്തില്‍ പലരും ആശങ്കപ്പെടുന്നുണ്ട്. അത്തരക്കാര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ഗ്ലോബല്‍ കേരള പ്രവസി അസോസിയേഷന്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഒരു യാത്രക്കാരിയുടെ അനുഭവ കുറിപ്പ്:

ആഗസ്ത് 18ന് ഇന്‍ഡിഗോ വിമാനത്തില്‍ ഞാന്‍ കൊച്ചിയില്‍ നിന്ന് (ഇന്ത്യ) ദോഹയിലേക്ക് യാത്ര ചെയ്തിരുന്നു. ആ അനുഭവം തുടര്‍ന്ന് യാത്ര ചെയ്യുന്നവര്‍ക്ക് സഹായകരമാകുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

ഇന്‍ഡിഗോ കോവിഡ് പരിശോധന ആവശ്യപ്പെടുന്നില്ല. എന്നാല്‍ എല്ലാവരുടെയും സുരക്ഷയ്ക്കായി ഇത് ചെയ്യുന്നത് ഉചിതമായിരിക്കും (ഇതുവരെ നിര്‍ബന്ധമില്ല).

കൊച്ചി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ എനിക്ക് പൂരിപ്പിക്കേണ്ട സമാനരൂപത്തിലുള്ള രണ്ടു ഫോമുകള്‍ ലഭിച്ചു. ആ ഫോം പൂരിപ്പിക്കാന്‍ നിങ്ങളുടെ ഇന്ത്യന്‍ വിലാസം വീട്ടുനമ്പര്‍ അടക്കം അറിയണം. ഫോം പൂരിപ്പിച്ച ശേഷം ഞാന്‍ വിമാനത്താവളത്തി നുള്ളില്‍ പ്രവേശിച്ചു. ഇതില്‍ ഒരു ഫോം പ്രവേശനകവാടത്തിലും മറ്റേത് ഇമിഗ്രേഷന്‍ കൗണ്ടറിലും സമര്‍പ്പിച്ചു. ചെക്ക് ഇന്‍ കൗണ്ടറില്‍ അവര്‍ എന്‍ട്രി പെര്‍മിറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇഹ്തിറാസ് ആപ്ലിക്കേഷന്‍ തുറന്ന് കാണിക്കാനും പറഞ്ഞു. (EHTERAZ ആപ് നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. പക്ഷേ, ഖത്തറിലെത്തിയാലേ പ്രവര്‍ത്തിച്ചു തുടങ്ങൂ). ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബൂകിങിന്റെ പ്രിന്റ് ഔട്ടും കാണിക്കേണ്ടി വരും.

ചെക്ക് ഇന്‍ കൗണ്ടറില്‍ നിന്ന് എനിക്ക് രണ്ടു ഫോമുകള്‍ ലഭിച്ചിരുന്നു. അതു പൂരിപ്പിച്ച് ഖത്തറിലെത്തുമ്പോള്‍ നല്‍കേണ്ടതാണ്- ആരോഗ്യചെക്ക്ലിസ്റ്റും പ്രതിജ്ഞയുമാണ് ആ രണ്ടു ഫോമുകള്‍. ഖത്തര്‍ വിലാസവും നിങ്ങള്‍ നാട്ടില്‍ താമസിച്ച ദിവസങ്ങളുടെ എണ്ണവും ശരിയായി അറിഞ്ഞിരിക്കണം (മെട്രാഷില്‍ നിന്ന് കണക്കു കൂട്ടി എടുക്കാവുന്നതേയുള്ളൂ). പിപിഇ കിറ്റ് എയര്‍ലൈന്‍സ് നല്‍കി. മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, സാനിറ്റൈസര്‍ തുടങ്ങിയവ അതിലുണ്ടായിരുന്നു.

ഖത്തറിലെത്തിയപ്പോള്‍, എന്റെ EHTERAZ ആപ്ലിക്കേഷന്‍ കാണിക്കുകയും മുമ്പ് ലഭിച്ച ഫോമുകള്‍ പൂരിപ്പിച്ചത് സമര്‍പ്പിക്കുകയും ചെയ്തു. ഖത്തര്‍ സിം കാര്‍ഡ് നിങ്ങളുടെ പക്കലില്ലെങ്കിലും വിഷമിക്കേണ്ടതില്ല. വിമാനത്താവളത്തില്‍ നിന്ന് സിം കാര്‍ഡ് വാങ്ങാവുന്നതാണ്. കൂടാതെ EHTERAZ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗം മനസിലാക്കാനും സന്നദ്ധപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കും. ഇമിഗ്രേഷനു മുന്‍പു തന്നെ ഇക്കാര്യം ചെയ്യാന്‍ സാധിക്കും. ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ ഹോട്ടല്‍ ക്വാറന്റീനിന്റെ വിശദാംശങ്ങള്‍ കൗണ്ടറില്‍ സ്റ്റാഫിനെ കാണിക്കണം.

ഇമിഗ്രേഷനു ശേഷം ബാഗേജ് ശേഖരിക്കാം. ഹോട്ടലിലേക്ക് പോകുന്നവര്‍ക്കായി ഡിസ്‌കവര്‍ ഖത്തറിന്റെ കൗണ്ടര്‍ ഉണ്ട്. ഹോട്ടലിലേക്കു പോകാനുള്ള സൗകര്യങ്ങള്‍ അവര്‍ ചെയ്തു തരും.

ഖത്തര്‍ വിമാനത്താവളത്തില്‍ എല്ലാ സ്റ്റാഫ് അംഗങ്ങളില്‍ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്. ആവശ്യമായ എല്ലാ രേഖകളും, EHTERAZ അപ്ലിക്കേഷനും ഉണ്ടെങ്കില്‍ കാര്യങ്ങളെല്ലാം വേഗത്തില്‍ കഴിയും.

Most Popular