Sunday, September 19, 2021
Home Newsfeed ഇന്ത്യക്കാര്‍ ഖത്തറിലെത്തിയാല്‍ കോവിഡ് പരിശോധന നടത്തേണ്ടത് 36 മണിക്കൂറിനകം; സ്വകാര്യ കേന്ദ്രങ്ങള്‍ക്കും അനുമതി

ഇന്ത്യക്കാര്‍ ഖത്തറിലെത്തിയാല്‍ കോവിഡ് പരിശോധന നടത്തേണ്ടത് 36 മണിക്കൂറിനകം; സ്വകാര്യ കേന്ദ്രങ്ങള്‍ക്കും അനുമതി

ദോഹ: ഇന്ത്യയുള്‍പ്പെടെ റെഡ്‌ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ഖത്തറിലെത്തിയാലുള്ള നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് 36 മണിക്കൂറിനകം ചെയ്താല്‍ മതി. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ നടത്തിയിരുന്ന പരിശോധന പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്കു പുറമേ ആരോഗ്യ മന്ത്രാലയം അംഗീകാരമുള്ള സ്വകാര്യ ക്ലിനിക്കുകളിലും നടത്താന്‍ അനുമതി നല്‍കി.

റെഡ്‌ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായി ടെസ്റ്റ് സൗകര്യം എയര്‍പോര്‍ട്ടിനകത്ത് തന്നെ സജ്ജീകരിച്ചിരുന്നു. എന്നാല്‍, പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദോഹയിലെത്തുന്നവരോട് അവരുടെ താമസ സ്ഥലത്തിന് സമീപമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തി ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പ്രത്യേക സ്റ്റിക്കര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരുടെ രേഖകള്‍ക്കുമേല്‍ പതിച്ചുനല്‍കുകയും ചെയ്തു.

അതിന് പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്വകാര്യ കേന്ദ്രങ്ങളിലും പരിശോധന നടത്താവുന്നതാണെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചു. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ പലരും സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി.

300 ഖത്തരി റിയാലാണ് ടെസ്റ്റിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നിശ്ചയിച്ച ഫീസ്. അതേസമയം, സ്വകാര്യ കേന്ദ്രങ്ങള്‍ 180 റിയാല്‍ മുതല്‍ പരിശോധന നല്‍കുന്നുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്തിയത് സംബന്ധിച്ച വിവരങ്ങള്‍ ഇഹ്തിറാസ് ആപ്പ് വഴി അധികൃതര്‍ക്ക് ലഭ്യമാവും.

 

Most Popular