Thursday, June 17, 2021
Home Gulf Qatar ബൈഡനെ പ്രീതിപ്പെടുത്താന്‍ സൗദി; ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ ഒരുക്കം

ബൈഡനെ പ്രീതിപ്പെടുത്താന്‍ സൗദി; ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ ഒരുക്കം

റിയാദ്: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലമാണ് സൗദിയെ ധൃതിപിടിച്ച് തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്ട്. പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളെ പിന്തുണയ്ക്കുന് നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡനെയും സ്ഥാനമൊഴിയുന്ന ഡൊണാള്‍ഡ് ട്രംപിനെയും ഒരേ സമയം തൃപ്തിപ്പെടുത്താമെന്നതിനാലാണ് തര്‍ക്ക പരിഹാരത്തിന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നയാളാണ മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്ഥാനമൊഴിയും മുമ്പ് ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ട്രംപ് ഭരണകൂടം ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. പ്രതിസന്ധി പരിഹരിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് തന്നെ കിട്ടണമെന്ന വാശി ട്രംപിനുണ്ട്. ഈ സാഹചര്യത്തില്‍ ജമാല്‍ ഖഷഗ്ജി കൊലപാതകത്തില്‍ ഉള്‍പ്പെടെ ട്രംപ് നല്‍കിയ പിന്തുണയ്ക്ക് പ്രത്യുപകാരമാവും സൗദിയുടെ തീരുമാനം.

തീരുമാനത്തിന് പിന്നാലെ ഇത് ബൈഡനുള്ള സമ്മാനമാണെന്നാണ് സൗദി, യുഎഇ കാര്യ ഉപദേശകന്‍ പ്രതികരിച്ചത്. തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിന് ശേഷം കടുത്ത പ്രതിസന്ധിയിലായ സൗദിക്ക് ഖത്തര്‍ വിഷയത്തില്‍ അനുകൂലമായ ഒരു ചുവടുവയ്പ്പ് നിര്‍ബന്ധമായിരുന്നു. വിഷയം പരിഹരിക്കാന്‍ മാസങ്ങളായി സൗദി ഒരുക്കം നടത്തിവരുന്നുണ്ടെന്ന് രാജകുടുംബവുമായി ബന്ധം പുലര്‍ത്തുന്ന സൗദി അനലിസ്റ്റി അലി ഷിഹാബി പറഞ്ഞു.

2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.എന്നാല്‍ ഖത്തര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. കര, നാവിക, വ്യോമ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തര്‍ ആദ്യം വലിയ പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് ഇറാന്‍, തുര്‍ക്കി ഉള്‍പ്പെടെയുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും യൂറോപ്പിന്റെയുമൊക്കെ പിന്തുണയോടെ കരകയറുകയായിരുന്നു. തുടക്കത്തില്‍ ഖത്തറിനെതിരേ നീക്കത്തെ പിന്തുണച്ച അമേരിക്ക പിന്നീട് കാലുമാറിയതോടെ ഉപരോധ രാജ്യങ്ങള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.

Most Popular