Tuesday, April 13, 2021
Home Gulf Bahrain 2017ല്‍ ഖത്തറില്‍ അധിനിവേശം നടത്താനുള്ള സൗദി പദ്ധതി തകര്‍ന്നത് അമേരിക്കയുടെ എതിര്‍പ്പ് മൂലമെന്ന് റിപോര്‍ട്ട്

2017ല്‍ ഖത്തറില്‍ അധിനിവേശം നടത്താനുള്ള സൗദി പദ്ധതി തകര്‍ന്നത് അമേരിക്കയുടെ എതിര്‍പ്പ് മൂലമെന്ന് റിപോര്‍ട്ട്

ദോഹ: 2017ല്‍ ഖത്തറില്‍ സൈനിക അധിനിവേശം നടത്താന്‍ സൗദി അറേബ്യ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപോര്‍ട്ട്. എന്നാല്‍, അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് മൂലമാണ് അത് നടക്കാതെ പോയതെന്നും യുഎസ് മാഗസിനായ ഫോറിന്‍ പോളിസിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

2016 ജൂണ്‍ 7ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖത്തറിനെ സൈനികമായ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന കാര്യം സൂചിപ്പിച്ചത്. എന്നാല്‍, ട്രംപ് ഇത് നിരസിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടിലുള്ളത. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ തൊട്ടുപിറ്റേന്നായിരുന്നു ഇത്.

തുടര്‍ന്ന് ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥം വഹിക്കാന്‍ അമേരിക്ക കുവൈത്തിനോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഉപരോധത്തിന് പിന്നാലെ ഖത്തറില്‍ അധിനിവേശം നടത്താന്‍ സൗദി പദ്ധതി തയ്യാറാക്കിയിരുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ സ്ഥാനം തെറിക്കാന്‍ കാരണം സൗദി സഖ്യത്തിന്റെ ഖത്തര്‍ വിരുദ്ധ പദ്ധതി തടയാന്‍ ശ്രമിച്ചതാണെന്ന് 2017ല്‍ നിരവധി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉപരോധത്തിന് തൊട്ടു മുമ്പ് ട്രംപ് സൗദിയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഖത്തറിനെതിരായ നീക്കങ്ങളെ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍, പിന്നീട് ടില്ലേഴ്‌സന്റെ ഇടപെടല്‍ ട്രംപിനെ പിന്മാറാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ടുകളിലുണ്ടായിരുന്നത്.

സൗദി അറേബ്യയും യുഎഇയും ശക്തമായ ലോബിയിങ് നടത്തിയാണ് ടില്ലേഴ്‌സനെ പുറത്തുചാടിച്ചതെന്ന് നിരവധി റിപോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ച്ചില്‍ ടില്ലേഴ്‌സണ്‍ പുറത്താക്കപ്പെടുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ യുഎഇക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് അന്നത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടില്‍ പറഞ്ഞത്.

റിപോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് ഖത്തര്‍

mofa-media-office-dir-tweet
അതേസമയം, ഫോറിന്‍ പോളിസി മാഗസിനിലെ റിപോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മീഡിയ ഓഫിസ് ഡയറക്ടര്‍ അഹ്മദ് ബിന്‍ സഈദ് അല്‍ റുമൈഹി പ്രതികരിച്ചു.

സുരക്ഷാ കാര്യത്തില്‍ ഒരുമിച്ചുനില്‍ക്കേണ്ട ജിസിസി രാജ്യങ്ങളില്‍ നിന്ന് ഒരു അംഗരാജ്യത്തിനെതിരേ സൈനിക നീക്കം പരിഗണനയിലുണ്ടായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് അല്‍ റുമൈഹി പറഞ്ഞു. മേഖലയുടെ ഭാവിയെ തന്നെ തകര്‍ക്കുന്ന വലിയ ലക്ഷ്യങ്ങളാണ് ഉപരോധ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് തുടക്കം മുതല്‍ തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നതാണ്. 2017 സപ്തംബര്‍ 7ന് വൈറ്റ് ഹൗസില്‍ ട്രംപിനോടൊത്ത് കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പറഞ്ഞ കാര്യം അടിവരയിടുന്നതാണ് അമേരിക്കന്‍ മാഗസിനിലെ റിപോര്‍ട്ട്. കുവൈത്തിന്റെ മധ്യസ്ഥതയാണ് ഖത്തറിനെതിരായ സൈനിക ഇടപെടല്‍ തടഞ്ഞതെന്നാണ് അന്ന് കുവൈത്ത് അമീര്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ മാഗസിന്റെ റിപോര്‍ട്ട് സൗദി ഇതുവരെ നിഷേധിച്ചിട്ടില്ലെന്നത് സത്യം എന്താണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അല്‍ റുമൈഹി ചൂണ്ടിക്കാട്ടി.

Saudi wanted to invade Qatar in 2017, US firmly rejected the proposal: Report

Most Popular