Sunday, September 26, 2021
Home Newsfeed ഖത്തറിൽ വാക്‌സിനെടുത്തവരെ കെണിയിൽ വീഴ്ത്താൻ തട്ടിപ്പുകാർ രംഗത്ത്

ഖത്തറിൽ വാക്‌സിനെടുത്തവരെ കെണിയിൽ വീഴ്ത്താൻ തട്ടിപ്പുകാർ രംഗത്ത്

ഖത്തറിൽ വാക്‌സിനെടുത്തവരെ കെണിയിൽ വീഴ്ത്താൻ തട്ടിപ്പുകാർ രംഗത്ത്. കോവിഡ് കാലത്ത് വ്യാജ കോളുകളിലൂടെ പല വഴികളിൽ ആളുകളിൽ നിന്ന് പണം തട്ടിയ സംഘമാണ് പുതിയ രീതി പരീക്ഷിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്തവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ്. ഖത്തർ ആരോഗ്യ മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് കോളുകൾ വരുന്നത്. വാക്‌സിനെടുത്തതുമായി ബന്ധപ്പെട്ട് ഇഹ്തിറാസ് ആപ്പിൽ മാറ്റം വരുത്തുന്നതിന് നിങ്ങളുടെ മൊബൈലിൽ വന്ന ഒടിപി ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഒടിപി ലഭിക്കുന്നതോടെ മൊബൈലുമായി ബന്ധിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈക്കലാക്കുന്നു.

ഇത്തരം തട്ടിപ്പുകാർ പലരീതിയിൽ രംഗത്തെത്തുന്നുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാരണം ദീർഘനാൾ നാട്ടിൽ കുടുങ്ങി തിരിച്ചെത്തിയവർക്ക് മൊബൈൽ സിമ്മുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിലാണ് കോൾ വരുന്നത്. എടിഎം കാർഡ് ബ്ലോക്ക് നീക്കാൻ, ഖത്തർ ഐഡിയിലെ വിലാസം ശരിപ്പെടുത്താൻ തുടങ്ങി പലതും പറഞ്ഞാണ് ഇത്തരക്കാർ വിളിക്കുന്നത്. ആദ്യം ഇംഗ്ലീഷിൽ മയത്തിൽ സംസാരിച്ചു തുടങ്ങുന്ന ഇവർ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധമില്ലാത്തവരിൽ നിന്ന് എളുപ്പത്തിൽ ഒടിപി കൈക്കലാക്കി പണം തട്ടുന്നു. വഴങ്ങാത്തവരെ പിന്നീട് സിഐഡി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് അറബിയിൽ സംസാരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഇരകളുടെ പ്രാഥമിക വിവരങ്ങൾ തട്ടിപ്പ് സംഘം എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നത് അവ്യക്തമാണ്. സോഷ്യൽ മീഡിയയിൽ നമ്മൾ ഷെയർ ചെയ്യുന്ന പല വിവരങ്ങളും ഇവർ ഉപയോഗപ്പെടുത്തുന്നതായി സൂചനയുണ്ട്. ബാങ്കുകളിൽ നിന്നോ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഫോണിൽ വിളിച്ച് ഉപഭോക്താക്കളോട് ഒടിപിയോ മറ്റ് വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് പലതവണ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ അത്തരം ആവശ്യവുമായി വിളിക്കുന്ന കോളുകൾ ഉടൻ കട്ട് ചെയ്യുകയും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യണം.

Most Popular