Sunday, September 19, 2021
Home Newsfeed കാബൂളിലെ സ്‌ഫോടനത്തിനിടയില്‍ ഒറ്റപ്പെട്ട് മൂന്ന് വയസ്സുകാരന്‍; ഒടുവില്‍ ഖത്തറിന്റെ സഹായത്തോടെ ആഴ്ച്ചകള്‍ക്ക് ശേഷം കാനഡയിലെ കുടുംബത്തോടൊപ്പം

കാബൂളിലെ സ്‌ഫോടനത്തിനിടയില്‍ ഒറ്റപ്പെട്ട് മൂന്ന് വയസ്സുകാരന്‍; ഒടുവില്‍ ഖത്തറിന്റെ സഹായത്തോടെ ആഴ്ച്ചകള്‍ക്ക് ശേഷം കാനഡയിലെ കുടുംബത്തോടൊപ്പം

ദോഹ: കാബൂളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയ നാലു വയസ്സുള്ള അഫ്ഗാന്‍ ബാലന്‍ ആഴ്ച്ചകള്‍ ഖത്തറില്‍ കഴിഞ്ഞ ശേഷം ഒടുവില്‍ കാനഡയിലുള്ള പിതാവിനൊപ്പം ചേര്‍ന്നു.

കഴിഞ്ഞ മാസം കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിനിടെയാണ് അലി എന്ന പേരില്‍ അറിയപ്പെടുന്ന കുട്ടി കുടുംബത്തില്‍ നിന്ന് വേര്‍പ്പെട്ടത്. തുടര്‍ന്ന് ആഗസ്ത് 28ന് നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാരെ ഒഴിപ്പിച്ച് കൊണ്ട് വരുന്ന വിമാനത്തില്‍ ഖത്തറിലെത്തുകയായിരുന്നു. ഈ സമയം, അലിയുടെ മാതാവും കുടുംബവും അഫ്ഗാനില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.
afgan boy ali1തിങ്കളാഴ്ച്ച ദോഹയിലെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 14 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം അലി ടൊറന്റോയിലെ പിയേഴ്‌സന്‍ വിമാനത്താവളത്തിലെത്തിയതായി കാനഡയിലെ ദി ഗ്ലോബ് ആന്റ് മെയില്‍ റിപോര്‍ട്ട് ചെയ്തു. അലി ഒന്റാരിയോയിലുള്ള പിതാവിനൊപ്പം ചേര്‍ന്നതായും റിപോര്‍ട്ടില്‍ പറയുന്നു. രണ്ടു വര്‍ഷമായി പിതാവ് മകനെ കണ്ടിട്ട്.

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ഒറ്റപ്പെട്ടു പകച്ചു നില്‍ക്കുകയായിരുന്നു അലി. ഈ സമയത്താണ് ഒരു 17 കാരന്റെ ശ്രദ്ധയില്‍ കുട്ടി പെട്ടത്. തുടര്‍ന്ന് സ്വന്തം ജീവന്‍ പോലും അവഗണിച്ച് അലിയെ 17കാരന്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു.
afgan boy ali2കാബൂള്‍ സ്‌ഫോടനത്തിനിടെ ഒറ്റപ്പെട്ട അലി ആഴ്ച്ചകളായി ഞങ്ങളുടെ പ്രത്യേക അതിഥിയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ലുലുവ റാഷിദ് ആല്‍ ഖാത്തര്‍ പറഞ്ഞു. യൂഎന്നിന്റെ സഹായത്തോടെയാണ് ഖത്തര്‍ അലിയുടെ കുടുംബത്തെ കണ്ടെത്തിയത്. തുടര്‍ന്ന് കാനഡ എംബസിയുടെ സഹായത്തോടെ കുടുംബത്തോടൊത്ത് ചേരുകയായിരുന്നു.

അലിക്ക് നന്മകള്‍ നേരുന്നു. നിന്നെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു. ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇടയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു- അലിയെ സുരക്ഷിതമായി മടക്കി അയച്ച ശേഷം അല്‍ ഖാത്തര്‍ ട്വീറ്റ് ചെയ്തു.

Most Popular