Saturday, September 25, 2021
Home Gulf Qatar ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവരെ തടഞ്ഞ് ഖത്തറിലെ ഹൈപര്‍ മാര്‍ക്കറ്റുകള്‍

ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവരെ തടഞ്ഞ് ഖത്തറിലെ ഹൈപര്‍ മാര്‍ക്കറ്റുകള്‍

ദോഹ: ഖത്തറിലെ നിരവധി ഹൈപര്‍ മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കണമെങ്കില്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. പുറത്തിറങ്ങണമെങ്കില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നത് ഖത്തര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം.

അല്‍മീറ, മോണോപ്രിക്‌സ്, കാരിഫോര്‍ എന്നിവ ഇക്കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. സഫാരി, ലുലു ഹൈപര്‍ മാര്‍ക്കറ്റ്, അന്‍സാര്‍ ഗാലറി, സ്പാര്‍ എന്നിവയുടെ ബ്രാഞ്ചുകളിലും ആപ്പ് കാണിക്കാന്‍ ആവശ്യപ്പെടുന്നതായി ഉപഭോക്താക്കള്‍ അറിയിച്ചു.

ഖത്തര്‍ ഐഡി ഇല്ലാത്തവര്‍ക്ക് ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാന്‍ ആവില്ലെന്നതിനാല്‍ വിസിറ്റ് വിസയില്‍ എത്തിയവരും മറ്റും പ്രയാസത്തിലാവും. എന്നാല്‍, ചില ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ക്യുഐഡി ഇല്ലാത്തവര്‍ പാസ്‌പോര്‍ട്ടും വിസയും കാണിച്ചാല്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ അറിയിച്ചു.

കോവിഡ് ട്രാക്കിങിനുള്ള ഇഹ്തിറാസ് ആപ്പില്‍ രോഗബാധയില്ലെന്നതിന്റെ സൂചനയായാണ് ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുന്നത്. രോഗബാധ സംശയിക്കപ്പെടുന്ന കേസുകളില്‍ ചാരനിറവും രോഗം സ്ഥിരീകരിച്ചാല്‍ ചുവപ്പ് നിറവുമാണ് കാണിക്കുക. ഹെല്‍ത്ത് സ്റ്റാറ്റസ് ഏറ്റവും പുതിയത് ആണെന്ന് വ്യക്തമാക്കുന്നതിന് ഇഹ്തിറാസ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഹെല്‍ത്ത് സ്റ്റാറ്റസിനൊപ്പം സമയവും തിയ്യതിയും കൂടി കാണിക്കുന്നുണ്ട്.

Several hypermarkets now require green healthy status on EHTERAZ app upon entry


 

Most Popular