Wednesday, August 4, 2021
Home Gulf Qatar ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി

ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി

ദോഹ: ഉപരോധത്തിന് തൊട്ടുമുമ്പ് ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ. അല്‍ ജസീറ ചാനലിലെ ഡിസ്റ്റന്‍സ് സീറോ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാറ്റോ അംഗമായ തുര്‍ക്കി ഖത്തറിന്റെ സഖ്യകക്ഷിയാണ്. ദോഹയിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ അമേരിക്കന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് സേനകളും ഉണ്ടായിരിക്കെ, തുര്‍ക്കി സൈനികരുടെ സാന്നിധ്യത്തില്‍ മാത്രം ഉപരോധ രാജ്യങ്ങള്‍ അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാണെന്നും അല്‍ അതിയ്യ ചോദിച്ചു.

ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം മനസ്സിലാക്കിയ ഉടന്‍ ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങളെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്‍മ്ാറകയായിരുന്നുവെന്നും അല്‍ അതിയ്യ വ്യക്തമാക്കി.

ഖത്തറിനെയും തുര്‍ക്കിയെയും ആക്രമിക്കാന്‍ പരിശീലനം നേടിയ ഈജിപ്തിലെ യുഎഇ ഗൂഢ സംഘത്തിന്റെ പേരുവിവരങ്ങള്‍ ഉള്‍പെടെ അല്‍ജസീറ പരിപാടിയില്‍ വെളിപ്പെടുത്തുന്നുണ്ട്.

ഈജിപ്ത് തലസ്ഥാനമായ കൈറോവിലെ അഹ്മദ് അബ്ദുല്‍ അസീസ് സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് ഖത്തറിനെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്നീട് റദ്ദാക്കിയതായും പരിപാടിയില്‍ വിശദീകരിക്കുന്നു. വാഷിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന യുഎഇ കമ്പനിയായ ഡോട്ട് ദേവ് 2016 മുതല്‍ ഇതിനുള്ള പദ്ധതികള്‍ തയാറാക്കിയതായുള്ള ഖത്തര ലീക്സിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും പരിപാടിയില്‍ അല്‍ ജസീറ പുറത്തുവിട്ടിട്ടുണ്ട്.

വാഷിംഗ്ടണിലെ യു.എ.ഇ അംബാസിഡര്‍ യൂസഫ് അല്‍ ഒതൈബ മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സിന് ഖത്തറിനെതിരായ ആക്രമണ പദ്ധതികളെ കുറിച്ച് അയച്ച സന്ദേശത്തെ കുറിച്ചും അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് നല്‍കിയ നിര്‍ദേശങ്ങളും പരിപാടിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Most Popular