Monday, June 21, 2021
Home Newsfeed ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തറിലെ പള്ളികള്‍

ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തറിലെ പള്ളികള്‍

ദോഹ: ഇന്നലെ പെരുന്നാള്‍ ഖുത്ബയിലും ഇന്ന് ജുമുഅ ഖുത്ബയിലും ഖത്തറിലെ പള്ളികളില്‍ മുഴുവന്‍ മുഴങ്ങിക്കേട്ടത് ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഡ്യവും അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയും. ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുന്നിലും പതറാതെ പൊരുതുന്ന അല്‍ അഖ്‌സയുടെ വിമോചനത്തിന് വേണ്ടി ജീവനും രക്തവും നല്‍കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടത് ലോകത്തെ മുഴുവന്‍ മുസ്ലിംകളുടെയും ബാധ്യതയാണെന്ന് ഖുത്ബകളില്‍ ഇമാമുമാര്‍ ഓര്‍മിപ്പിച്ചു. അതോടൊപ്പം ഒരു മാസം റമദാനില്‍ ശീലിച്ച സല്‍ക്കര്‍മങ്ങള്‍ തുടര്‍ന്നുകൊണ്ടു പോവാന്‍ പരമാവധി ശ്രമിക്കണമെന്നും ഖുത്ബയില്‍ ആഹ്വാനമുയര്‍ന്നു.

നമ്മുടെ പുണ്യഗേഹമായ അല്‍അഖ്സയുടെ വിമോചനത്തിന് പൊരുതുന്ന സഹോദരങ്ങളെ ഓര്‍ക്കുക. അവരാണ് അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ നിര്‍വഹിക്കുന്നവര്‍. അവരിലെ ശഹീദുകളെ അല്ലാഹു സ്വീകരിക്കട്ടെ. പോരാളികളെ അല്ലാഹു വിജയിപ്പിക്കട്ടെ. ‘അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല, അവന്‍ കയ്യൊഴിഞ്ഞാല്‍ പിന്നെ ആര്‍ക്ക് നിങ്ങളെ സഹായിക്കാനാവും?’- അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവര്‍ക്കായിരിക്കും അന്തിമ വിജയമെന്ന് മിമ്പറുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

ഫലസ്തീന്‍ പോരാളികളെ കയ്യൊഴിഞ്ഞവര്‍, മനസ്സ് കൊണ്ടെങ്കിലും പ്രാര്‍ത്ഥിക്കാത്തവര്‍, കപടരും നിന്ദ്യരും നാളെ റബ്ബിന് മുന്നില്‍ അപമാനിതരാവുന്നതിനു മുമ്പേ വിശ്വാസികളുടെ മനസ്സുകളില്‍ നികൃഷ്ടരായി തിരിച്ചറിയപ്പെട്ടവരുമാണ്. ലോകത്ത് വിവിധയിടങ്ങളില്‍ സത്യത്തിനു വേണ്ടി പൊരുതുന്ന, അത് കാരണം പീഡനങ്ങളും തടവറകളും ഏറ്റെടുത്ത സഹോദരീ സഹോദരങ്ങളെ ഓര്‍ക്കാതെ, അവര്‍ക്കു വേണ്ടി പ്രാര്ഥിക്കാതെ, അവരുടെ കുടുംബങ്ങളെ ഓര്‍ക്കാതെ നമ്മുടെ പെരുന്നാള്‍ വിരുന്നുകള്‍ അപൂര്‍ണമാണെന്ന് മറക്കരുതെന്നും വിവിധ പള്ളികളില്‍ ഇമാമാര്‍ വ്യക്തമാക്കി.
ALSO WATCH

 

Most Popular