Tuesday, June 15, 2021
Home Gulf Qatar സംസ്ഥാന സര്‍ക്കാരിന്റേത് പ്രവാസികളെ നിരാശപ്പെടുത്തിയ ബജറ്റ്: കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

സംസ്ഥാന സര്‍ക്കാരിന്റേത് പ്രവാസികളെ നിരാശപ്പെടുത്തിയ ബജറ്റ്: കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

ദോഹ: പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് അവതരിപ്പിച്ച അവസാന ബജറ്റും പ്രവാസികളെ നിരാശപ്പെടുത്തുന്നതാണെന്ന് ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പില്‍ വരുത്താതെ അതേ പദ്ധതികള്‍ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.മുഹമ്മദ് ഈസ പറഞ്ഞു. കോവിഡ് മൂലം ഏറ്റവും പ്രയാസങ്ങള്‍ അനുഭവിച്ചവരും, ജോലി നഷ്ടപ്പെടുകയും ചെയ്ത നിരവധിപേര്‍ ഉള്‍പ്പെടുന്നവരാണ് വിദേശ മലയാളികള്‍. തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതെല്ലാം പാഴ്വാക്കാക്കികൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. നിലവില്‍ പ്രവാസികള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന ക്ഷേമപെന്‍ഷന്‍ ചെറിയ മാറ്റങ്ങളോടെ അവതരിപ്പിച്ചു എന്നല്ലാതെ പുതിയതായി ഒന്നും തന്നെയില്ല. നാല് മാസത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ ഇലക്ഷനെ മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുമെന്ന് നിരവധി തവണ പ്രഖ്യാപിച്ച പിണറായി മന്ത്രിസഭ, ഇതുവരെ അതിനായി ഫണ്ട് വകയിരുത്തിയിട്ടുപോലും ഇല്ല എന്നത് അപഹാസ്യമാണ്.

ഗള്‍ഫ് നാടുകളില്‍ വരികയും വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്ത മുഖ്യമന്ത്രിയും സര്‍ക്കാരും ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉപയോഗിക്കുന്ന കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വികസനത്തിനായി ചെറുവിരല്‍ അനക്കിയിട്ടില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. എയര്‍പ്പോര്‍ട്ട് വികസനത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും ഇതുവരെ അതിന്റെ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിച്ചിട്ടില്ല. എയര്‍പ്പോര്‍ട്ട് റോഡ്, ടെര്‍മിനല്‍, പാര്‍ക്കിങ് ഏരിയ തുടങ്ങി വികസനം നടപ്പിലാക്കേണ്ട നിരവധി കാര്യങ്ങള്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ ഉണ്ട് എങ്കിലും സര്‍ക്കാര്‍ അതെല്ലാം കണ്ടില്ല എന്ന് നടിക്കുകയാണ്. പ്രളയം വന്നസമയത്ത് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കോടികണക്കിന് രൂപയാണ് പ്രവാസികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്. കൂടാതെ ഗള്‍ഫ് നാടുകളിലെ പല സംഘടനകളും കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ വലിയതോതില്‍ ഭാഗവാക്കാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം മറന്നുകൊണ്ട് പ്രവാസികളെ കറവപശുകളായി മാത്രം കണ്ടാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചെതെന്നും കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ അലി മൊറയൂര്‍, ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, സലാം വണ്ടൂര്‍, ബഷീര്‍ ചേലേമ്പ്ര, ലൈസ് ഏറനാട്, മജീദ് പുറത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Most Popular