Saturday, July 24, 2021
Home Gulf Qatar മാസങ്ങള്‍ക്ക് ശേഷം ഖത്തറിലെ സ്‌കൂളുകളില്‍ വീണ്ടും ആരവം; മാസ്‌ക്ക് ധരിച്ചും കൈയകലം പാലിച്ചും പുതുശീലങ്ങള്‍; ആദ്യ...

മാസങ്ങള്‍ക്ക് ശേഷം ഖത്തറിലെ സ്‌കൂളുകളില്‍ വീണ്ടും ആരവം; മാസ്‌ക്ക് ധരിച്ചും കൈയകലം പാലിച്ചും പുതുശീലങ്ങള്‍; ആദ്യ ദിനത്തില്‍ കുട്ടികള്‍ കുറവ്

ദോഹ: ഏതാണ്ട് ആറ് മാസത്തിന് ശേഷം ഖത്തറിലെ സ്‌കൂളുകളില്‍ വീണ്ടും കുരുന്നുകളുടെ കലപില ഉയര്‍ന്നു. മാസ്‌ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള ആദ്യ ദിനത്തില്‍ പുതുശീലങ്ങളോട് പൊരുത്തപ്പെടാന്‍ പലരും പ്രയാസപ്പെട്ടു. 30 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ദിവസവും സ്‌കൂളില്‍ എത്താമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നെങ്കിലും കോവിഡ് ഭീതി കാരണം വലിയൊരു ഭാഗം രക്ഷിതാക്കളും കുട്ടികളെ അയച്ചില്ല. അതുകൊണ്ട് തന്നെ ആദ്യ ദിനം ഹാജര്‍ നില കുറവായിരുന്നു. രക്ഷിതാക്കളുടെ ഭീതി അകലുന്നതുവരെയുള്ള ഇളവ് എന്ന നിലയില്‍ ആദ്യ രണ്ടാഴ്ച്ചത്തെ ഹാജര്‍ പരിഗണിക്കേണ്ടതില്ലെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

qatar school opening2

സ്‌കൂളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികളുടെ ശരീര താപം പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പ്രവേശന വഴികള്‍ ചങ്ങലകൊണ്ടും മറ്റും പ്രത്യേകം കെട്ടിത്തിരിച്ചു. തറയില്‍ സാമൂഹിക അകലം പാലിക്കാനുള്ള ചിഹ്നങ്ങള്‍ വരച്ചുവച്ചിരുന്നു. കുട്ടികള്‍ തമ്മില്‍ പരമാവധി ഒന്നര മീറ്റര്‍ അകലം സാധ്യമാക്കുന്ന രീതിയിലായിരുന്നു ക്ലാസുകളില്‍ ഉള്‍പ്പെടെ സജ്ജീകരണം. അതുകൊണ്ട് തന്നെ പുതുവര്‍ഷത്തില്‍ സൂകളിലെത്തുമ്പോഴുള്ള ഹസ്തദാനവും കെട്ടിപ്പിടിത്തവുമൊന്നും ഇക്കുറി നടന്നില്ല. പകരം ദൂരെ നിന്നുള്ള പുഞ്ചിരിയില്‍ സൗഹൃദങ്ങള്‍ ഒതുങ്ങി.

qatar school opening1

പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ഭൂരിഭാഗം കുട്ടികളും മാസ്‌ക്ക് ധരിച്ച് തന്നെയാണ് എത്തിയത്. ഓണ്‍ലൈന്‍, ക്ലാസ് റൂം രീതികള്‍ ഇടകലര്‍ത്തിയാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ ആഴ്ച്ചകളില്‍ ക്ലാസുകള്‍ മുന്നോട്ട് പോവുക. പിന്നീട് സാഹചര്യം വിലയിരുത്തി ഇതില്‍ മാറ്റം വരുത്താനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.

Students begin trickling back to schools in Qatar


 

Most Popular