Thursday, September 23, 2021
Home Newsfeed ഖത്തറില്‍ വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് മൂലം പരീക്ഷ നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും അവസരം

ഖത്തറില്‍ വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് മൂലം പരീക്ഷ നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും അവസരം

ദോഹ: കോവിഡ് വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് തിയ്യതിയും സ്‌കൂള്‍ പരീക്ഷാ തിയ്യതിയും ഒരുമിച്ച് വരുന്നത് ഒഴിവാക്കാന്‍ ആരോഗ്യ മന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. വാക്‌സിനേഷന്‍ തിയ്യതിയും പരീക്ഷാ തിയ്യതിയും ഒരുമിച്ച് വന്നാല്‍ അത്തരം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ രണ്ടാമത് അവസരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകന്‍ മുഹമ്മദ് അല്‍ ബശ്‌രി പറഞ്ഞു. ഖത്തര്‍ ടിവി പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020-21 വിദ്യാഭ്യാസ വര്‍ഷത്തെ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഇന്നലെയാണ് തുടങ്ങിയത്. സെക്കന്‍ഡറി സ്‌കൂളുകളിലെ 70 ശതമാനം വിദ്യാര്‍ഥികളും ഇതിനകം വാക്‌സിനെടുത്തതായി അല്‍ ബശ്‌രി പറഞ്ഞു. 97 ശതമാനം സ്‌കൂള്‍ ജീവനക്കാരും അധ്യാപകരും വാക്‌സിനെടുത്തിട്ടുണ്ട്.

1 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നേരിട്ട് ഹാജരായി പരീക്ഷ എഴുതല്‍ നിര്‍ബന്ധമാണ്. കോവിഡ് ബാധിതരോ സമ്പര്‍ക്കത്തില്‍ വന്നവരോ ആയ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇളവ്. ഇത്തരം വിദ്യാര്‍ഥികള്‍ രണ്ടാം റൗണ്ടില്‍ അവസരം ലഭിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പരീക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കൊണ്ട് പോകുന്ന ബസ്സുകള്‍ ദിവസേന അണുവിമുക്തമാക്കുന്നുണ്ട്. കോവിഡ് മുന്‍കരുതല്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും അല്‍ ബശ്‌രി അറിയിച്ചു.
Students missing exams due to vaccination appointment to get 2nd chance in Qatar
ALSO WATCH

Most Popular