ദോഹ: പ്രവാചകനെ അപമാനിച്ച് മുസ്ലിംകള്ക്കെതിരായ ആസൂത്രിത നീക്കം തുടര്‍ന്നാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി ഖത്തര്‍ ചേംബര്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പാമര്ശത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ ചേംബര്‍ പ്രതികരണം.
ഇസ്ലാമിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് വാണിജ്യ സാമ്പത്തിക ബന്ധങ്ങളില്‍ കടുത്ത തിരിച്ചടിക്കിടയാക്കും. പ്രവാചകനെ മനപൂര്‍വ്വം നിന്ദിക്കുന്നത് ലോകത്തെ 200 കോടി മുസ്ലിംകളുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നതെന്ന് ഓര്‍മിക്കണം- ഖത്തര്‍ ചേംബര്‍ പ്രസ്താവനയില്‍ അറിയിച്ചു.
മുസ്ലിം രാഷ്ട്രങ്ങളുടെ വികാരം വ്രണപ്പെടുത്താതെ സൂക്ഷിക്കേണ്ടത് അതത് രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഖത്തര്‍ അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത് നേരത്തെ പറഞ്ഞ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ഫ്രഞ്ച് നേതൃത്വം നിലപാട് തിരുത്തും വരെ വാണിജ്യപരമായ അവരുടെ പുരോഗതി താഴേക്കായിരിക്കുമെന്നും ഖത്തര്‍ ചേംബര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഖത്തറിലെ സോഷ്യല്‍ മീഡിയാ പേജുകളില്‍ ട്രെന്‍ഡിങാണ്. അല്‍മീറ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ആഹ്വാനം ഏറ്റെടുത്തിട്ടുണ്ട്.