Saturday, July 31, 2021
Home Gulf Qatar ഖത്തര്‍ മിനിമം വേതന നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു; അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും

ഖത്തര്‍ മിനിമം വേതന നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു; അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും

ദോഹ: ഖത്തറില്‍ പുതുതായി പ്രഖ്യാപിച്ച മിനിമം വേതന നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ആറ് മാസത്തിനകം നടപ്പില്‍ വരുത്തണമെന്ന നിബന്ധന പ്രകാരം 2021 മാര്‍ച്ചില്‍ നിയമം പ്രാബല്യത്തില്‍ വരും. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഖത്തര്‍ ഓഫിസ് ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്.

ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമ വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറിക്കിയിരുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും മിനിമം വേതനം പ്രതിമാസം ആയിരം റിയാല്‍ അടിസ്ഥാന ശമ്പളമായി തൊഴിലുടമ നല്‍കണം. ഇതിനു പുറമേ പ്രതിമാസം 500 റിയാല്‍ താമസ ചെലവിനും 300 റിയാല്‍ ഭക്ഷണ ചെലവിനുമായി ആകെ 1800 റിയാല്‍ തൊഴിലുടമ നല്‍കണം എന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കല്‍ മിനിമം വേതനം പരിഷ്‌കരിക്കുകയും രാജ്യത്തെ സാമ്പത്തിക സ്ഥിതി, തൊഴിലാളികളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ച് പരിഷ്‌കരിക്കുകയും വേണമെന്നും നിബന്ധനയില്‍ പറയുന്നു.

തൊഴിലാളികള്‍ക്കും ഗാര്‍ഹിക ജീവനക്കാര്‍ക്കും മിനിമ വേതനം ഉറപ്പുവരുത്തിക്കൊണ്ട് ഇറക്കിയ പുതിയ തൊഴില്‍ നിയമം പാലിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു.

Most Popular