ദോഹ: ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന കേരള സര്‍ക്കാര്‍ നിലപാട് ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും വിലങ്ങു തടിയായേക്കും. വന്ദേഭാരത് വിമാനങ്ങളുടെ നിരക്കില്‍ കൂടുതല്‍ ഈടാക്കിയാല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ നിലപാടെടുത്തതായാണ് അറിയുന്നത്. ഖത്തറില്‍ നിന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്ത കേരള ബിസിനസ് ഫോറത്തോട് അംബാസഡര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേ സമയം, ആ രീതിയില്‍ ഒരു വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അടുത്തയാഴ്ച്ച ഖത്തറില്‍ നിന്ന് നിരവധി ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്തുമെന്ന് പ്രഖ്യാപിച്ച കെഎംസിസി വൃത്തങ്ങള്‍ അറിയിച്ചു.
വന്ദേഭാരത് നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ യുഎഇയില്‍ നിന്ന് കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത വിമാനം അവസാന നിമിഷം മുടങ്ങിയിരുന്നു. വിമാനത്തിന് യുഎഇ വ്യോമയാന വകുപ്പിന്റെ അനുമതി ലഭ്യമാവാത്തതാണ് പ്രശ്നമെന്ന് കെഎംസിസി നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, രാഷ്ട്രീയ ഇടപെടലാണ് ചാര്‍ട്ടര്‍ വിമാനം മുടക്കിയതെന്ന ചര്‍ച്ചകളും സജീവമാവുകയാണ്.
ഖത്തര്‍ കെഎംസിസി, കേരള ബിസിനസ് ഫോറം, കള്‍ച്ചറല്‍ ഫോറം തുടങ്ങിയ സംഘടനകളാണ് ദോഹയില്‍ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സമീപ സംസ്ഥാനങ്ങളിലേക്കും ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നത്.
ജൂണ്‍ 8ന് കൊച്ചിയിലേക്കും ജൂണ്‍ 10ന് തിരുവനന്തപുരത്തേക്കും ജൂണ്‍ 12ന് കോഴിക്കോട്ടേക്കുമാണ് കേരളാബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും 1550 റിയാലും തിരുവനന്തപുരത്തേക്ക് 1600 റിയാലുമാണ് നിരക്ക് പ്രഖ്യാപിച്ചത്. അതനുസരിച്ച് രജിസ്ട്രേഷന് നടപടികള്‍ പുരോഗമിക്കുകയും ചെയ്തിരുന്നു.
ഖത്തര്‍ കെഎംസിസിയുടേയും കള്‍ച്ചറല്‍ ഫോറത്തിന്റെയും രജിസ്ട്രേഷനുകളില്‍ ഇതിനോടകം തന്നെ ആയിരങ്ങള്‍ അപേക്ഷിച്ചിട്ടുണ്ട്. ഈ സ്ഥിതിയാണെങ്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്.
കുറഞ്ഞ നിരക്കില്‍ വിമാനം പറത്താന്‍ ചില ബജറ്റ് എയര്‍ലൈന്‍ കമ്പനികള്‍ തയ്യാറാണെങ്കിലും അതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുക്കുന്നില്ല. നിരക്ക് കൂട്ടിയാല്‍ കേരളവും വിലക്കിടുന്നു. ഇതോടെ നാടണയാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ കടലിനും ചെകുത്താനും ഇടയില്‍ പെട്ട നിലയിലാണ്.