Monday, June 14, 2021
Home Gulf Qatar ഇസ്ലാം ഭീതിക്കു തടയിടാന്‍ യഥാര്‍ത്ഥ ഇസ്ലാമിക പ്രബോധനം അനിവാര്യം: ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രി

ഇസ്ലാം ഭീതിക്കു തടയിടാന്‍ യഥാര്‍ത്ഥ ഇസ്ലാമിക പ്രബോധനം അനിവാര്യം: ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രി

ദോഹ: കേരള നദ്വത്തുല്‍ മുജാഹിദ് സംഘടനയുടെ ഗള്‍ഫിലെ ആദ്യ പോഷക ഘടകമായി 1980 ല്‍ രൂപം കൊണ്ട ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 40ആം വാര്‍ഷിക സമാപന സമ്മേളനം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. നാല് പതിറ്റാണ്ടുകളുടെ ചരിത്രം സ്മരിച്ച സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത ഖത്തര്‍ ഗവണ്‍മെന്റ് മുനിസിപ്പല്‍- പാരിസ്ഥിതിക വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബഈ, ലോകവ്യാപകമായി ഇസ്ലാമും മുസ്ലിംകളും വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ഇസ്ലാമിക പ്രബോധനം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും ഖുര്‍ആന്‍ പഠിക്കുകയും പ്രവാചകചര്യയനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നത് മുസ്ലിംകളുടെ ബാദ്ധ്യതയാണെന്നും പ്രസ്താവിച്ചു.

കഴിഞ്ഞ 40 വര്‍ഷക്കാലമായി പ്രവാസി മലയാളി സമൂഹത്തില്‍ വിദ്യാഭ്യാസ, മത, സാംസ്‌ക്കാരിക, സാമൂഹിക, മാനുഷിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇസ്ലാഹി സെന്റര്‍ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ മൈത്രിയും സാമുദായികസൗഹാര്‍ദ്ദവും ലക്ഷ്യം വച്ചു കൊണ്ട് നിശ്ചിത ഇടവേളകളിലായി കഴിഞ്ഞ കാലങ്ങളില്‍ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതും സംഘടനയുടെ യശസ്സുയര്‍ത്തിയതുമായ മലയാളി സമ്മേളനങ്ങള്‍, കോവിഡ് മഹാമാരി ലോകത്തെ കീഴടക്കിത്തുടങ്ങിയപ്പോള്‍, കോവിഡാനന്തര പ്രവാസം – സാദ്ധ്യതകളും പ്രതീക്ഷകളും എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ത്രൈമാസ ക്യാമ്പയിന്‍ തുടങ്ങി നിരവധി പ്രവാസികള്‍ക്ക് സഹായങ്ങള്‍ സാധ്യമാക്കിയ സംഗമങ്ങള്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത പണ്ഡിതനും ഹുദാ ടി വി യിലെ അവതാരകനുമായ ഡോക്ടര്‍ മുഹമ്മദ് സാലിഹ് (യു എസ് എ) ടെക്‌സസ്സില്‍ നിന്നും ഓണ്‍ലൈന്‍ വഴി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് മുസ്ലിം സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിച്ചു. കെ എന്‍ എം സംസ്ഥാന അദ്ധ്യക്ഷന്‍ ജനാബ് ടി. പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കെ എന്‍ എം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ: ഹുസൈന്‍ മടവൂര്‍ ആശംസകളര്‍പ്പിച്ചു. പണ്ഡിതയും രാഷ്ട്രീയ നേതൃനിരയിലെ പ്രവര്‍ത്തകയും അദ്ധ്യാപികയുമായ ശമീമ ഇസ്ലാഹിയ, ഇസ്ലാഹീ സെന്ററിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട് ബഹുമാന്യ പണ്ഡിതന്‍ അബ്ദുല്‍ റഊഫ് മദനി തുടങ്ങിയവര്‍ സംസാരിച്ചു. 40ആം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഇസ്ലാഹി സെന്റര്‍ 40 നിര്‍ധനരായ കുടുംബങ്ങള്‍ക്കു വീട്, 40 കുടിവെള്ള പദ്ധതികള്‍, 40 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി.

ദോഹ സഫാരി ഗ്രൂപ്പ് എം. ഡി. ജനാബ് അബൂബക്കര്‍ മടപ്പാട്ട് പദ്ധതികളുടെ പ്രഖ്യാപനം നിര്‍വ്വഹിച്ചു കൊണ്ടു സംസാരിച്ചു. 40 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച ഡോക്യുമെന്ററി എം. ഇ. എസ്. പ്രസിഡണ്ട് ജനാബ് അബ്ദുല്‍ കരീം സാഹിബ് പ്രകാശനം ചെയ്തു. സ്മൃതിപഥം എന്ന പേരില്‍ ഇറക്കിയ വാര്‍ഷിക സമ്മേളന സപ്ലിമെന്റ്, സ്റ്റാര്‍ വിഷന്‍ ജനറല്‍ മാനേജര്‍ ശ്രീ നന്ദകുമാര്‍, ജനാബ് ഹനീഫ (മാനേജിംഗ് ഡയറക്ടര്‍ ജാസ്‌ക്കോ) വിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

റിനൈ ടി. വി. സംപ്രേഷണം ചെയ്ത സമ്മേളനം റിനൈ ടി. വി.,യു ട്യൂബ്, ഫേസ് ബുക്ക് വഴി മൂവായിരത്തോളം പേര്‍ ലോകവ്യാപകമായി പരിപാടി വീക്ഷിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് ജനാബ് യു. ഹുസ്സൈന്‍ മുഹമ്മദ് ആദ്ധ്യക്ഷം വഹിച്ച പരിപാടി സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ കാരട്ടിയാട്ടില്‍ സ്വാഗതമാശംസിച്ചു. 40 വര്‍ഷത്തെ അവലോകനം ചെയ്തു കൊണ്ട് ഇസ്ലാഹീ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ജനാബ് അക്ബര്‍ കാസ്സിം സംസാരിച്ചു. ജനാബ് മുഹമ്മദലി ഫാറൂഖി ഖിറാഅത്ത് നടത്തി. ബഷീര്‍ പള്ളിപ്പാട്ട് നന്ദി പ്രകാശിപ്പിച്ചു.

Most Popular