Sunday, September 19, 2021
Home News International തൂണീസ്യയിലെ അല്‍ജസീറ ഓഫിസിലേക്ക് പോലിസ് ഇരച്ചു കയറി; ജീവനക്കാരെ പുറത്താക്കി

തൂണീസ്യയിലെ അല്‍ജസീറ ഓഫിസിലേക്ക് പോലിസ് ഇരച്ചു കയറി; ജീവനക്കാരെ പുറത്താക്കി

ദോഹ: തുണീസ്യന്‍ തലസ്ഥാനമായ തൂണിസില്‍ പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ഓഫിസില്‍ പോലിസ് അതിക്രമം. സാധാരണ വേഷത്തില്‍ സായുധരായി ഓഫിസിലേക്ക് ഇരച്ചുകയറിയ 20ഓളം വരുന്ന പോലിസ് സംഘം ജീവനക്കാരെ മുഴുവന്‍ പുറത്താക്കി. ഞായറാഴ്ച്ച പ്രസിഡന്റ് കായിസ് സഈദ് നിലവിലുള്ള സര്‍ക്കാരിനെ പുറത്താക്കിയിരുന്നു. ഇത് അട്ടിമറിയാണെന്നാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്.

വാറന്റോ ഒഴിയാനുള്ള മുന്‍കൂര്‍ അറിയിപ്പോ ഇല്ലാതെയായിരുന്നു പോലിസ് നടപടിയെന്ന് തൂണീസ്യ അല്‍ജസീറ ബ്യറോ ചീഫ് ലുഫ്തി ഹാജി പറഞ്ഞു. രാജ്യത്തെ ജുഡീഷ്യറിയുടെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നായിരുന്നു പോലിസ് വിശദീകരണം.

മാധ്യമപ്രവര്‍ത്തകരോട് ഫോണ്‍ ഓഫ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായ വസ്തുവകകള്‍ എടുക്കുന്നതിന് കെട്ടിടത്തിനകത്തേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും അല്‍ജസീറ റിപോര്‍ട്ടര്‍മാര്‍ പരാതിപ്പെട്ടു. മുഴുവന്‍ ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തു.

അല്‍ജസീറയുടെ ഓഫിസില്‍ അതിക്രമം നടത്തിയ സംഭവത്തെ റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അപലപിച്ചു.

പ്രസിഡന്റ് സഈദ് ഞായറാഴ്ച്ച തുണീസ്യന്‍ പാര്‍ലമെന്റ് മരവിപ്പിക്കുകയും പ്രധാന മന്ത്രി ഹിഷെം മെഷീഷിയെ പുറത്താക്കുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വലിയ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ജനം അക്രമാസക്തരായി തെരുവിലിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ നടപടി.

Most Popular