Wednesday, June 23, 2021
Home Newsfeed ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി അധ്യാപികയും കാന്‍സര്‍ ബാധിച്ച് ആലുവ സ്വദേശിയും മരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി അധ്യാപികയും കാന്‍സര്‍ ബാധിച്ച് ആലുവ സ്വദേശിയും മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശിനിയും കാന്‍സര്‍ ബാധിച്ച് ആലുവ സ്വദേശിയും മരിച്ചു. ആലുവ എടത്തല കുഴിപറമ്പില്‍ ഹമീദിന്റെ മകന്‍ ഷാഫിയാണ് (35 ) ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കാന്‍സര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കേ മരിച്ചത്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഫെബ്രുവരി ആദ്യത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ചികില്‍സയുടെ ആദ്യ ഘട്ടത്തില്‍ കോമയിലായെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ടിരുന്നുവെന്നു ഷാഫിയുടെ ബന്ധു പറഞ്ഞു.
ശബ്‌നമാണ് ഭാര്യ. അബി (മൂന്നര വയസ്സ് ) മകനാണ്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പാലക്കാട് പൊട്ടായി സ്വദേശി ഹേമ പ്രേമാനന്ദാണ് (49) കോവിഡ് ബാധിച്ചു മരിച്ചത്. മൂന്നാഴ്ച്ചക്ക് മുമ്പാണ് കോവിഡ് ബാധിച്ച് ഹസം മെബൈരിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു.
ഡിപിഎസ് മൊണാര്‍ക്ക് സ്‌ക്കൂളില്‍ നൃത്താധ്യാപികയായിരുന്ന ഹേമ ഡിപിഎസ് എംഐഎസ് സ്‌ക്കൂളിലും, പേള്‍ സ്‌ക്കൂളിലും അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

പ്രേമാനന്ദാണ് ഭര്‍ത്താവ്, ഡോ. മീര പ്രേമാനന്ദ്, താര പ്രേമാനന്ദ് മക്കളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Most Popular