Monday, June 21, 2021
Home Newsfeed ഖത്തറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുഎഇ തടവിലിട്ട ഒമാന്‍ വിദ്യാര്‍ഥിയെ വിട്ടയച്ചു

ഖത്തറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുഎഇ തടവിലിട്ട ഒമാന്‍ വിദ്യാര്‍ഥിയെ വിട്ടയച്ചു

ദോഹ: ഖത്തറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുഎഇ ജീവപര്യന്തം തടവിന് വിധിച്ചിരുന്ന ഒമാന്‍ വിദ്യാര്‍ഥിയെ വിട്ടയച്ചു. 2017 മുതല്‍ തടവിലായിരുന്ന അബ്ദുല്ല അല്‍ ശംസിയെ മോചിപ്പിച്ച കാര്യം അല്‍ ഖുദ്‌സ് അല്‍ അറബി പത്രമാണ് റിപോര്‍ട്ട് ചെയ്തത്.

എമിറേറ്റ്‌സ് ഡിറ്റെയ്‌നീസ് അഡ്വക്കസി സെന്റര്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അല്‍ ശംസിയെ യുഎഇയില്‍ നിന്ന് നാട് കടത്തിയതായും ട്വീറ്റില്‍ പറയുന്നു. എന്നാല്‍, അല്‍ ശംസി ശനിയാഴ്ച്ച അല്‍ഐനിലുള്ള തന്റെ വീട്ടിലെത്തിയതായി പ്രമുഖ ഒമാനി മാധ്യമപ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ബലൂഷി അറിയിച്ചു.


ഖത്തറിനെതിരായ അയല്‍ രാജ്യങ്ങളുടെ ഉപരോധം മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന 2017ലാണ് അല്‍ശംസിയെ ചാരപ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഒമാന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ മോചിപ്പിച്ചതെന്ന് അല്‍ ഖുദ്‌സിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

2017ല്‍ അവിചാരിതമായി അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് അബ്ദുല്ല അവദ് സാലിം അല്‍ ശംസി യുഎഇയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ഖത്തറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നായിരുന്നു ആരോപണം. വ്യക്തമായ തെളിവുകളില്ലാതെയുള്ള ഈ അറസ്റ്റ് ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ 21 വയസ്സുള്ള അല്‍ശംസിയുടെ വിചാരണ നടപടികള്‍ മുഴുവന്‍ കടുത്ത നിയമലംഘനങ്ങളിലൂടെയാണ് കടന്നുപോയത്. ചോദ്യം ചെയ്യല്‍ സമയത്ത് അഭിഭാഷകനെ അനുവദിച്ചില്ല. കുറ്റസമ്മതം നടത്താന്‍ പീഡിപ്പിച്ചതായും റിപോര്‍ട്ടുണ്ടായിരുന്നു.

വിചാരണയ്ക്ക് ഒരു മാസം മുമ്പ് മാത്രമാണ് അല്‍ശംസിക്കെതിരായ തെളിവ് ഹാജരാക്കിയത്. ഏതാനും ട്വീറ്റുകളും 17ാം വയസ്സില്‍ അല്‍ശംസി പങ്കെടുത്ത ഓണ്‍ലൈന്‍ മല്‍സരങ്ങളുമാണ് തെളിവായി ഹാജരാക്കിയത്. എന്നാല്‍, ട്വീറ്റുകള്‍ തന്റേതല്ലെന്ന് അല്‍ശംസി പറയുന്നു. യുഎഇയിലെ ടിവി സ്റ്റേഷനുകളും ഖത്തറിലെ അല്‍ റയ്യാന്‍ ടിവിയും നടത്തിയ ഓണ്‍ലൈന്‍ മല്‍സരങ്ങളിലാണ് അല്‍ശംസി പങ്കെടുത്തിരുന്നത്.

ഏകാന്ത തടവിലാണ് അല്‍ശംസിയെ പാര്‍പ്പിച്ചിരുന്നത്. കടുത്ത പീഡനത്തിനിരയായതായും ആംനസ്റ്റി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. 2020 മെയില്‍ അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി അല്‍ ശംസിയെ ജീവപര്യന്തം തടവിന് വിധിച്ചു. ഇത് പിന്നീട് ഫെഡറല്‍ സുപ്രിം കോടതി ശരിവയ്ക്കുകയും ചെയ്തു.

ഇത് ഖത്തറിന്റെയും മറ്റ് ലോകരാജ്യങ്ങളുടെയും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ മതിയായ തെളിവുകളില്ലാതെ ചാരപ്രവര്‍ത്തനം ആരോപിച്ച് തടവിലിട്ടതിനെതിരേ ആയിരുന്നു വിമര്‍ശനം. വിദ്യാര്‍ഥിക്കെതിരായ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
ALSO WATCH

Most Popular