Wednesday, June 23, 2021
Home Gulf Qatar യുഎഇ വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവനകള്‍ ഗള്‍ഫ് അനുരഞ്ജനത്തിന് ഗുണകരമല്ലെന്ന് ഖത്തര്‍

യുഎഇ വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവനകള്‍ ഗള്‍ഫ് അനുരഞ്ജനത്തിന് ഗുണകരമല്ലെന്ന് ഖത്തര്‍

ദോഹ: യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രസ്താവനകള്‍ ഗള്‍ഫ് ഐക്യത്തിന് അനുഗുണമല്ലെന്ന് ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഡയറക്ടര്‍ അഹ്മദ് ബിന്‍ സഈദ് ബിന്‍ ജാബര്‍ അല്‍ റുമൈഹി. ഗള്‍ഫ് ഒത്തുതീര്‍പ്പിന് ഇടങ്കോലിടുന്ന ചെറിയ ശ്രമങ്ങളൊക്കെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍, ഗര്‍ഗാഷിനെ പോലെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് അനുയോജ്യമല്ല.

അത്തരം ശ്രമങ്ങളില്‍ ഖത്തര്‍ വീഴില്ല. ഗള്‍ഫിന്റെ ഭാവിയെക്കുറിച്ചും ഐക്യത്തെക്കുറിച്ചും ഖത്തറിന് ശുഭപ്രതീക്ഷയാണുള്ളത്. നിഷേധാത്മകമായ പ്രസ്താവനകള്‍ക്ക് പകരം പോസിറ്റീവായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് നല്ലത്-അല്‍ റുമൈഹി ട്വിറ്ററില്‍ പ്രതികരിച്ചു.

ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തന്റെ രാജ്യമാണെന്ന് ഗര്‍ഗാഷ് വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, പൂര്‍ണമായ നയതന്ത്ര ബന്ധത്തിന് സമയമെടുക്കുമെന്നും അത് ഖത്തര്‍ ഭാവിയില്‍ ഇറാന്‍, തുര്‍ക്കി, ഇസ്ലാമിക ഭീകര സംഘടനകള്‍ എന്നിവയോട് ഏത് സമീപനം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പ്രസ്താനവയാണ് ഖത്തറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ALSO WATCH

Most Popular