Saturday, September 25, 2021
Home Gulf Qatar യുഎഇക്ക് വേണ്ടി അമേരിക്കന്‍ ഏജന്റുമാര്‍ ശെയ്ഖ മോസയും മിഷേല്‍ ഒബാമയും തമ്മിലുള്ള ഇമെയിലുകള്‍ ഹാക്ക് ചെയ്തതായി...

യുഎഇക്ക് വേണ്ടി അമേരിക്കന്‍ ഏജന്റുമാര്‍ ശെയ്ഖ മോസയും മിഷേല്‍ ഒബാമയും തമ്മിലുള്ള ഇമെയിലുകള്‍ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തല്‍

ദോഹ: യുഎസ് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സൈബര്‍പോയിന്റിനു വേണ്ടി ജോലി ചെയ്യുന്ന അമേരിക്കന്‍ കോണ്‍ട്രാക്ടര്‍മാര്‍ യുഎഇക്കു വേണ്ടി ഖത്തറിനെതിരേ ചാരപ്പണിയെടുത്തതായി വെളിപ്പെടുത്തല്‍. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമയും ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷ ശെയ്ഖ മോസ ബിന്ത് നാസറും തമ്മിലുള്ള ഇമെയിലുകള്‍ യുഎഇക്ക് വേണ്ടി ഇവര്‍ ചോര്‍ത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി അനലിസ്റ്റ് ഡേവിഡ് എവന്‍ഡന്‍ ആണ് വിഷയത്തില്‍ കുറ്റസമ്മതം നടത്തിയത്. 2014 മുതല്‍ ഗള്‍ഫിലെ ഭീകര പ്രവര്‍ത്തന സെല്ലുകളെ മോണിറ്റര്‍ ചെയ്യുന്ന ചുമതലക്കാരനായിരുന്നു എവന്‍ഡന്‍. ഫോണുകളും മെസേജിങ് ആപ്പുകളും നിരീക്ഷിക്കുകയായിരുന്നു പ്രധാന ചുമതല. എവന്‍ഡന്‍ ഉള്‍പ്പെടെ ഒരു ഡസനോളം എന്‍എസ്എ അനലിസ്റ്റുകളെയും കോണ്‍ട്രാക്ടര്‍മാരെയുമാണ് യുഎഇയിലേക്ക് വന്‍തുക വാഗ്ദാനം ചെയ്ത് ക്ഷണിച്ചത്.

ഖത്തരി രാജകുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഇമെയിലുകളില്‍ കടന്നുകയറുക എന്നതായിരുന്നു എവന്‍ഡനെ ഏല്‍പ്പിച്ച പ്രധാന ജോലികളില്‍ ഒന്ന്. ഖത്തര്‍ മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിക്കുന്നതിന് തെളിവ് കണ്ടെത്താനായിരുന്നു ഇത്. ഫിഫ ഉദ്യോഗസ്ഥരുടെ നീക്കങ്ങളും യോഗങ്ങളും ഉള്‍പ്പെടെ സൈബര്‍ പോയിന്റ് ഹാക്ക് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു.

2015 അവസാനത്തിലാണ് യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ ഉള്‍പ്പെടെ തന്റെ ചാരപ്രവര്‍ത്തനത്തിന്റെ ഇരയായതായി എവന്‍ഡന്‍ മനസ്സിലാക്കിയത്. ആ സമയത്ത്, വര്‍ഷം തോറും നടക്കാറുള്ള വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റില്‍(വൈസ്) പങ്കെടുക്കുന്ന കാര്യങ്ങള്‍ മിഷേല്‍ ഒബാമ ശെയ്ഖ മോസയുമായി ആശയ വിനിമയം നടത്തിവരികയായിരുന്നു. രാജ്യവിരുദ്ധമായ പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്ന് തിരിച്ചറിഞ്ഞത് ആ സമയത്താണെന്നും അതോടെ ദൗത്യം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നുവെന്നും എവന്‍ഡന്‍ പറഞ്ഞു.

ഖത്തറിനെതിരേ മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തുന്നതിന് യുഎഇ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയതായി ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയപാര്‍ട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Most Popular