വാഷിങ്ങ്ടണ്‍: ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനിക്ക് വിശിഷ്ട പൊതുസേവനത്തിനുള്ള യുഎസ് പ്രതിരോധ വകുപ്പിന്റെ മെഡല്‍. യുഎസ് പ്രതിരോധ വകുപ്പിന്റെ അസാധാരണവും സവിശേഷവുമായ സേവനം നല്കിയ ഒരു പൗരനോ രാഷ്ട്രീയക്കാരനോ കരിയര്‍ ഇതര ഫെഡറല്‍ ജീവനക്കാരനോ വിദേശ പൗരനോ അമേരിക്ക നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നാണിത്. ഖത്തറിന്റെ അമേരിക്കന്‍ സ്ഥാനാപതി മിഷാല്‍ അല്‍താനിക്കും സമാനമായ രീതിയില്‍ പൊതുസേവന രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് പരമോന്നത ഉപഹാരം സമ്മാനിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന് മെഡല്‍ യുഎസിലെ ഖത്തര്‍ അംബാസഡര്‍ മെഷാല്‍ ബിന്‍ ഹമദ് അല്‍ താനിക്ക് കൈമാറി.
ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കും സഹകരണത്തിനുമായുള്ള ഖത്തര്‍ ഉപപ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് യുഎസ് പ്രതിരോധ വകുപ്പ് ഈ ബഹുമതി നല്‍കുന്നത്. അതോടൊപ്പം അഫ്ഗാനിസ്ഥാനില്‍ സമാധാനം നേടിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ യുഎസ് പ്രതിരോധ വകുപ്പ് അഭിനന്ദിച്ചു. അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നയതന്ത്ര നേതൃത്വമെന്ന് വകുപ്പ് വെക്തമാക്കി. 2020 ഫെബ്രുവരി ഇരുപത്തിയൊമ്പതാം തീയതി അമേരിക്കയും താലിബാനും തമ്മിലുള്ള കരാര്‍ ഒപ്പുവെച്ചതും കഴിഞ്ഞ സെപ്റ്റംബര്‍ പന്ത്രണ്ടാം തിയതിയില്‍ അഫ്ഗാന് സമാധാന പ്രക്രിയ ആരംഭിക്കുന്നതും ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനെ സമാധാനഅന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അതേസമയം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിലൂടെ മേഖലയിലെ സ്ഥിരതയും അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഉപപ്രധാനമന്ത്രി പ്രവര്‍ത്തിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് കൂട്ടിച്ചേര്‍ത്തു.
പൊതുസേവനത്തിനുള്ള വിദേശ സര്‍ക്കാരുകളിലെ ദേശീയ വ്യക്തികള്‍ക്കും രാഷ്ട്രീയ, സൈനിക വ്യക്തികള്‍ക്കും പ്രതിരോധ മന്ത്രി സമ്മാനിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പരമോന്നത ബഹുമതിയാണിത്. 1947-ലാണ് ഈ മെഡല്‍ അംഗീകരിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്, ബില്‍ ക്ലിന്റണ് എന്നി പ്രമുഖര്‍ക്കടക്കം ഈ മെഡല്‍ ലഭിച്ചിട്ടുണ്ട്.