Thursday, June 17, 2021
Home Gulf Qatar വന്ദേഭാരത് മിഷന്‍: ഇനി ഖത്തറില്‍ നിന്നും ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നേരിട്ട് ബുക്ക് ചെയ്യാം

വന്ദേഭാരത് മിഷന്‍: ഇനി ഖത്തറില്‍ നിന്നും ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നേരിട്ട് ബുക്ക് ചെയ്യാം

ദോഹ: വന്ദേഭാരത് മിഷനില്‍ ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങ് ഖത്തറിലും ആരംഭിച്ചു. ഖത്തറില്‍ നിന്നുള്ള വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കുന്ന ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്വദേശത്തേക്ക് മടങ്ങുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും സീറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. കേരളത്തിലേക്കു മാത്രം 151 സര്‍വീസുകളാണ് നാലാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലേക്കായി ആകെ 193 സര്‍വീസുകളായിരിക്കും ഉണ്ടാവുക.

ആഗസ്ത് 15 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയായിരിക്കും ഈ 193 സര്‍വീസുകളും നടത്തുക. കേരളത്തില്‍ തിരുവനന്തപുരത്തേക്ക് 34, കോഴിക്കോടേക്ക് 35, കൊച്ചിയിലേക്ക് 47, കണ്ണൂരിലേക്ക് 35 വീതം സര്‍വീസുകളായിരിക്കും ഉണ്ടായിരിക്കുക. ബുക്കിംഗ് ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക്: https://www.goindigo.in/

എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് ഈ ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്യാം. നേരത്തേ യുഎഇയിലും വന്ദേഭാരത് വിമാനങ്ങളില്‍ ഓണ്‍ലൈന്‍ വഴി നേരിട്ട് ബുക്കിങ് ആരംഭിച്ചിരുന്നു.

Most Popular