Thursday, September 23, 2021
Home Gulf Qatar ദോഹ-കണ്ണൂര്‍ യാത്രക്കാരില്‍ ചിലര്‍ക്ക് ടിക്കറ്റ് കിട്ടാതിരുന്നത് എയര്‍ ഇന്ത്യയുടെ പിഴവ് മൂലമെന്ന് ഐസിസി

ദോഹ-കണ്ണൂര്‍ യാത്രക്കാരില്‍ ചിലര്‍ക്ക് ടിക്കറ്റ് കിട്ടാതിരുന്നത് എയര്‍ ഇന്ത്യയുടെ പിഴവ് മൂലമെന്ന് ഐസിസി

ദോഹ: വന്ദേഭാരത് മിഷന്‍ ഖത്തര്‍ രണ്ടാംഘട്ടത്തിലെ ദോഹ-കണ്ണൂര്‍ വിമാനത്തില്‍ ചിലര്‍ക്ക് ടിക്കറ്റ് കിട്ടാതിരുന്നത് എയര്‍ ഇന്ത്യയുടെ പിഴവ് മൂലമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍. ടിക്കറ്റ് വിതരണത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും ഐസിസി അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം പ്രവാസി സംഘടനകളുടെ അപ്പെക്സ് ബോഡിയായ ഐസിസി വഴിയാണ് വിമാന ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

പുതിയ ഷെഡ്യൂളില്‍ ദിവസേന കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ഐസിസി യാത്രക്കാരില്‍ നിന്ന് ടിക്കറ്റിനുള്ള പണം ശേഖരിച്ച് എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതരെ നേരിട്ട് ഏല്‍പ്പിക്കുകയും വിമാന കമ്പനികള്‍ അതത് യാത്രക്കാരുടെ ഇമെയിലിലേക്ക് ടിക്കറ്റുകള്‍ അയയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് ഐസിസി അധികൃതര്‍ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസത്തെ ദോഹ-കണ്ണൂര്‍ വിമാനത്തില്‍ ടിക്കറ്റിനുള്ള പണം അടച്ചിട്ടും ഏതാനും യാത്രക്കാര്‍ക്ക് ഇമെയിലില്‍ ടിക്കറ്റ് ലഭിച്ചിരുന്നില്ല. വിമാന കമ്പനികള്‍ നൂറ്റി അമ്പതിലേറെ വരുന്ന യാത്രക്കാരുടെ ഇമെയിലുകളിലേക്ക് ടിക്കറ്റുകള്‍ അയയ്ക്കുമ്പോള്‍ വിലാസത്തില്‍ ഉണ്ടായ തെറ്റിനെ തുര്‍ന്നാണ് പ്രശ്‌നമുണ്ടായത്.

ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാര്‍ ഐസിസിയുമായി ബന്ധപ്പെടുകയും ടിക്കറ്റിനുള്ള പണം അടച്ച രസീതുമായി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കാനുള്ള സൗകര്യം ഐസിസി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂരിലേക്കുള്ള യാത്രക്കായി ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞിരുന്നു. എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 177 പേരാണ് കണ്ണൂരിലേക്ക് മടങ്ങിയത്.

യാത്രക്കായി തിരഞ്ഞെടുത്തവരെ ഇന്ത്യന്‍ എംബസി നേരിട്ട് അറിയിക്കുകയും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിശദമായ ഇമെയിലും അയയ്ക്കുന്നുണ്ട്. ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവര്‍ പാസ്പോര്‍ട്ട് പകര്‍പ്പില്‍ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും കൃത്യമായി എഴുതണമെന്നും എംബസിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

Most Popular