Tuesday, June 22, 2021
Home Gulf Qatar വാഴയൂര്‍ പഞ്ചായത്തില്‍ കോവിഡ് ടെസ്റ്റ് വാക്സിനേഷന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം

വാഴയൂര്‍ പഞ്ചായത്തില്‍ കോവിഡ് ടെസ്റ്റ് വാക്സിനേഷന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം

ദോഹ: കോവിഡ് രണ്ടാം തരംഗം അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വാഴയൂര്‍ പഞ്ചായത്തില്‍ കോവിഡ് ടെസ്റ്റ് വാക്സിനേഷന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് വാഴയൂര്‍ സര്‍വീസ് ഫോറം – ഖത്തര്‍ ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ആവശ്യം വേഗത്തില്‍ പരിഗണിക്കാന്‍ മുഖ്യമന്തിയുടെ ഓഫീസില്‍ നിന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ വിവരം അറിയിച്ചതായി വാഴയൂര്‍ സര്‍വീസ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

വാഴയൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ബോധവല്‍ക്കരണം ഊര്‍ജിതമാക്കാനുമായി വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ ഓരിയന്റേഷന്‍ സെഷന്‍ സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിക്ക് മുന്നോടിയായി നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് മിനി കോലത്തോടി, വാര്‍ഡ് മെംബെര്‍മാരായ ജൗഹറ ടീച്ചര്‍ അണ്ടിക്കാടന്‍ കുഴി, സരിത ടീച്ചര്‍ അഴിഞ്ഞിലം, പത്മാവതി കാരാട്, സുധ പൊന്നേപാടം, റാഷിദ ഫൗലോദ് തിരുത്തിയാട്, രാജന്‍ മുണ്ടകശ്ശേരി , ജമീല വാഴയൂര്‍, പ്രസീത അലുങ്ങല്‍, പി കെ ബാലകൃഷ്ണന്‍ കക്കോവ്, സുമിത്ര കോട്ടുപാടം, മിനി ചരലോടി, ജിതേഷ് അരീക്കുന്ന് , വാസുദേവന്‍ പുതുക്കോട് , അനില്‍ പാറമ്മല്‍, സജ്ന മലയില്‍ കളിപ്പറമ്പ് തുടങ്ങിയ വാര്‍ഡ് മെമ്പര്‍മാരും പങ്കെടുത്തു.

വാഴയൂര്‍ സര്‍വീസ് ഫോറം ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, പ്രസിഡന്റ് രതീഷ് കാക്കോവ്, സെക്രട്ടറി റഫീഖ് കാരാട്, ട്രഷറര്‍ ആസിഫ് കോട്ടുപാടം എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

 

Most Popular