Wednesday, May 12, 2021
Home Ediotrs Pick ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങള്‍ ഏതൊക്കെ; വിശദമായി അറിയാം

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങള്‍ ഏതൊക്കെ; വിശദമായി അറിയാം

ദോഹ: 07-04-2021 ബുധനാഴ്ച്ച വൈകുന്നേരത്തോടെ ഈ വിവരങ്ങള്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്രയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കും മുമ്പ് മന്ത്രാലയം വെബ്‌സൈറ്റ് പരിശോധിക്കുക. വെബ്‌സൈറ്റില്‍ നേരത്തേ ഉണ്ടായിരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപോര്‍ട്ട്.

ഖത്തറില്‍ ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന താഴെ പറയുന്ന വിഭാഗങ്ങളെ ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ അറിയിച്ചു. ഇവര്‍ക്ക് ഹോം ക്വാറന്റീന്‍ മതിയാവും.

1. 18 വയസ്സിന് താഴെയുള്ള കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ തനിച്ച് വരുമ്പോള്‍. രക്ഷിതാക്കളുടെ കൂടെയാണ് വരുന്നതെങ്കില്‍ മാതാവും പിതാവും കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. രക്ഷിതാക്കളില്‍ ഒരാള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചതെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കാത്തയാളും കുട്ടിയും ഹോട്ടല്‍ ക്വാറന്റീനില്‍ പോവണം. വാക്‌സിന്‍ എടുത്തയാള്‍ക്ക് വേണമെങ്കില്‍ ഹോം ക്വാറന്റീനില്‍ പോകാവുന്നതാണ്.

2. ഖത്തറില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും സെക്കന്റ് ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍ മതിയാവും. ബാക്കിയുള്ള ദിവസങ്ങള്‍ ഏഴില്‍ കുറവാണെങ്കില്‍ അത്രയും ദിവസം വീട്ടില്‍ കഴിഞ്ഞാല്‍ മതി.

3. ഖത്തറിന് പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ വേണം. എന്നാല്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനാണ് പുറം രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ചതെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല.

4. 75 വയസ്സിന് മുകളിലുള്ളവര്‍ക്കും അവരുടെ കൂടെ വരുന്ന ഒരാള്‍ക്കും വാക്‌സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഹോം ക്വാറന്റീന്‍ മതി. എന്നാല്‍, ഇരുവരും ഒരേവീട്ടില്‍ താമസിക്കുന്നവര്‍ ആയിരിക്കണം.

5. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഭര്‍ത്താവിന്റെയോ ബന്ധുവിന്റെയോ കൂടെ വരുന്ന ഗര്‍ഭിണിയായ സ്ത്രീകള്‍. ഇരുവരും ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ ആയിരിക്കണം

6. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഭര്‍ത്താവിന്റെയോ ബന്ധുവിന്റെയോ കൂടെ വരുന്ന മുലയൂട്ടുന്ന അമ്മയും 2 വയസ്സു വരെ പ്രായമുള്ള കുഞ്ഞും. ഇവര്‍ ഒരേ വീട്ടില്‍ താമസക്കുന്നവര്‍ ആയിരിക്കണം

7. ആരോഗ്യ മന്ത്രാലയം വിദേശത്ത് ചികില്‍സയ്ക്കായി അയച്ച രോഗിയും കൂടെ വരുന്നയാളും. ഇവരുടെ ആരോഗ്യ സാഹചര്യം പരിഗണിച്ചാണ് ഇളവ് നല്‍കുക. ഒരേവീട്ടില്‍ താമസിക്കുന്നവര്‍ ആയിരിക്കണം.

മുകളില്‍ പറഞ്ഞവര്‍ ഹോം ക്വാറന്റീന്‍ നടപടികള്‍ പാലിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാവ് ആണ് ഒപ്പുവയ്‌ക്കേണ്ടത്.

 

Most Popular