ദോഹ: രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള അനധികൃത റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെ കണ്ടെത്തി അവര്‍ക്കതിരെ നടപടിയെടുക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കൂടുതല്‍ സംഘടിത നിയമ പരിസ്ഥിതിയിലാക്കുകയാണ് അനധികൃത ഇടപാടുകാരെ തടയുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഖത്തരി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ പ്രഥമ ബാച്ച് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു. നീതിന്യായ മന്ത്രാലത്തിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്സ് അഫയേഴ്സ് കമ്മിറ്റിക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങുമായി ബന്ധപ്പെട്ടാണ് പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നിലായി റിയല്‍ എസ്റ്റേറ്റ് സംബന്ധമായ നിയമം നടപ്പാക്കുക, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് വ്യാപാരത്തിന് നിയമപരിരക്ഷ നല്‍കുകയും സംഘടിതമാക്കുകയും ചെയ്യുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണുള്ളത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട 2017ലെ 22ാം നമ്പര്‍ നിയമത്തിലെ വകുപ്പുകളുടെ പിന്‍ബലത്തിലാണ് അംഗീകൃത ഖത്തരി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ പുതിയ ബാച്ച് പുറത്തിറങ്ങിയിരിക്കുന്നത്.
60ല്‍ അധികം റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരാണ് കര്‍മരംഗത്തേക്ക് വന്നിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്ക് ജോലി സംബന്ധമായ പരിശീലനം നല്‍കുന്നതിന് പ്രത്യേക കോഴ്സുകള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് അംഗീകാരമില്ലാത്ത നിരവധി ഏജന്റുമാരാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. മലയാളികളടക്കമുള്ളവര്‍ ഏറെ സജീവമായ മേഖലയാണ് ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് രംഗം.