Friday, August 6, 2021
Home Gulf Qatar കൊറോണ വായുവിലൂടെയും പകരാന്‍ സാധ്യതയെന്ന് പുതിയ പഠനം

കൊറോണ വായുവിലൂടെയും പകരാന്‍ സാധ്യതയെന്ന് പുതിയ പഠനം

ന്യൂയോര്‍ക്ക്: ചില പ്രത്യേക സാഹചര്യങ്ങളില്‍ കൊറോണ വൈറസ് വായുവിലൂടെയും പടരാന്‍ സാധ്യതയുണ്ടെന്ന് പഠനം. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

നിലവില്‍ വൈറസ് പകരുന്നത് രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ദ്രവ കണികകളിലൂടെയാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജിങ് ഡിസീസസ് ആന്റ് സുവോണോസിസ് യൂനിറ്റ് മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രികളില്‍ എയ്‌റോസോള്‍ ജനറേറ്റിങ് പ്രക്രിയ ചെയ്യുമ്പോള്‍ ഈ കണികകള്‍ വായുവില്‍ ദീര്‍ഘ നേരം തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ഡ്രോപ്ലറ്റുകള്‍ വഴി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് നേരിട്ടോ ഈ കണികകള്‍ പറ്റിപ്പിടിച്ച പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ ആണ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പടരുന്നത്. എന്നാല്‍ ചൂട്, ഹ്യുമിഡിറ്റി തുടങ്ങിയ ഘടകങ്ങള്‍ അനുകൂലമായാല്‍ ഈ ഡ്രോപ്ലറ്റുകളില്‍ അടങ്ങിയ കൊറോണ വൈറസ് അന്തരീക്ഷത്തില്‍ ദീര്‍ഘനേരം തങ്ങിനില്‍ക്കാമെന്ന് ലോകാരോഗ്യ സംഘടനാ വിദഗ്ധര്‍ പറയുന്നു.

ഏതൊക്കെ സാഹചര്യങ്ങളിലാണ് കൊറോണ വൈറസ് അതിജീവിക്കുന്നതെന്ന പഠനം പുരോഗമിക്കുകയാണ്. വ്യത്യസ്ത പ്രതലങ്ങളില്‍ വൈറസ് എത്രകാലം നിലനില്‍ക്കുമെന്നും പഠനം നടക്കുന്നുണ്ട്. ചെമ്പിലും സ്റ്റീലിലും രണ്ട് മണിക്കൂറോളം വൈറസ് തങ്ങി നില്‍ക്കുമെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നത്. അതേ സമയം, കാര്‍ഡ് ബോര്‍ഡിലും പ്ലാസ്റ്റിക്കിലും കൂറേക്കൂടി അധികം സമയം നില്‍ക്കും.

Content  Highlight: who considers airborne precautions for medical staff after study shows coronavirus can survive in air

Most Popular